തിരുവനന്തപുരം : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്റ്റർ ചെയ്തു. പോക്സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്. തുടർന്ന് പാലക്കാട് പോക്സോ കോടതിയിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു.
പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്ന് പ്രതികൾക്കെതിരെയുള്ള എഫ്ഐആർ ആണ് കോടതിയിൽ സമർപ്പിച്ചത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്സോ, എസ്സി/എസ്ടി നിയമം, കൊലപാതകം എന്നീ ചുമത്തിയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്.
2017 ജനുവരി 14ആം തീയതിയാണ് വാളയാർ സഹോദരിമാരിൽ ആദ്യ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാർച്ച് 4ആം തീയതിയോടെ രണ്ടാമത്തെ പെൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും 2019ൽ പാലക്കാട് പോക്സോ കോടതി ഇവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് പോക്സോ കോടതിയുടെ വിധി റദ്ദാക്കിയതും, കേസന്വേഷണം വീണ്ടും ആരംഭിച്ചതും.
Read also : ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്; പ്രതി പിടിയിൽ







































