കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ക്വാർട്ടേഴ്‌സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തൻ എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഒക്‌ടോബർ ആറിന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും നവീൻ ബാബു നടന്നുമാണ് വരുന്നത്.
പള്ളിക്കരയിലെ ക്വാർട്ടേഴ്‌സിന്റെ മുന്നിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്‌തത്. ഇരുവരും റോഡിൽ നിന്ന് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പെട്രോൾ പമ്പിന്റെ എൻഒസി ലഭിക്കാൻ പ്രശാന്തൻ നവീൻ ബാബുവിന് 98,500 രൂപ നൽകിയെന്ന് പറയുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണിത്. അതേസമയം, പണം നൽകിയെന്ന് ദൃശ്യത്തിന്റെ അടിസ്‌ഥാനത്തിൽ സ്‌ഥിരീകരിക്കാനാകില്ല.
പെട്രോൾ പമ്പിന് അനുമതി നൽകാൻ തന്റെ കൈയ്യിൽ നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ സംരംഭകൻ പ്രശാന്തൻ ആരോപിച്ചത്. ഒരുലക്ഷം രൂപ നവീൻ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താൻ കൊടുത്തെന്നാണ് പ്രശാന്തൻ വെളിപ്പെടുത്തിയത്. എന്നാൽ, പ്രശാന്തന്റെ പരാതി വ്യാജമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇതിനിടെയാണ് സിസിടിവി ദൃശ്യവും പുറത്തുവരുന്നത്.
അതേസമയം, കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ അവധി അപേക്ഷ നൽകിയതായാണ് സൂചന. നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് അവധി അപേക്ഷ നൽകാൻ കാരണം. നവീന്റെ കുടുബാംഗങ്ങളുടെ മൊഴി കൂടി എതിരായതോടെയാണ് കളക്‌ടറുടെ നീക്കം. കണ്ണൂർ കളക്‌ടറുടെ കുമ്പസാരം ഞങ്ങൾക്ക് കേൾക്കേണ്ടെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിലപാട്.
കളക്‌ടർക്കെതിരെ നവീന്റെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയെന്നാണ് വിവരം. എന്നാൽ, നവീൻ ബാബുവിന്റെ കുടുംബത്തിനയച്ച കത്ത് തന്റെ കുറ്റസമ്മതമല്ലെന്ന് കളക്‌ടർ പ്രതികരിച്ചു. യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താൻ അല്ലെന്നും പ്രോട്ടോകോൾ പ്രകാരം ദിവ്യയെ തടായാനാകില്ലെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പ്രോട്ടോകോൾ പ്രകാരം ഡെപ്യൂട്ടി സ്‌പീക്കറിനൊപ്പമാണെന്നും കളക്‌ടർ പറഞ്ഞു.
Most Read| നവീനെതിരായ കൈക്കൂലി പരാതി വ്യാജം? അന്വേഷണ ചുമതലയിൽ നിന്ന് കളക്‌ടറെ മാറ്റി