തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സംയുക്‌ത പണിമുടക്കിന് ഒരുങ്ങുന്നു. പുതിയ നിയമം നടപ്പിലാകുന്നതോടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകുമെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി, വൈദ്യുതി മേഖലയിലെ സംസ്‌ഥാനങ്ങളുടെ അധികാരങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്നും തൊഴിലാളികൾ പറയുന്നു. പൊതു ഉടമസ്‌ഥതയിലുള്ള വൈദ്യുതി വിതരണ മേഖല സ്വകാര്യ കുത്തകകള്‍ കൈയ്യടക്കും.
ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കും സൂക്ഷ്‌മ ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്ന ക്രോസ് സബ്‌സിഡി ഇല്ലാതാകാമെന്നും ജീവനക്കാർ ആരോപിക്കുന്നു. വൈദ്യുതി ജീവനക്കാരുടെ സംഘടനകളുടെ വിശാല വേദിയായ നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ളോയീസ് ആന്റ് എഞ്ചിനിയേഴ്‌സാണ് ഫെബ്രുവരി 3ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പങ്കെടുക്കുന്നതിനാല്‍ സംസ്‌ഥാനത്ത് പണിമുടക്ക് പൂർണ്ണമായിരിക്കും. രാജ്യത്തെ പത്ത് ലക്ഷത്തോളം ജീവനക്കാരെ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കത്തിനെതിരെയാണ് സംയുക്‌ത പണിമുടക്ക്.
Read Also: സംസ്‌ഥാനത്തെ പള്‍സ് പോളിയോ വിതരണം; 24,49,222 കുട്ടികള്‍, 24,690 ബൂത്തുകള്‍