തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന കോവിഡ് ബ്രിഗേഡിന്റെ സേവനം സാമ്പത്തിക പ്രതിസന്ധിയില്‍. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള ഫണ്ട് കേന്ദ്രം നിര്‍ത്തലാക്കി. നിലവിലുള്ള ഫണ്ടില്‍ ഇന്നുകൂടി മാത്രമാണ് ഇവര്‍ക്ക് വേതനം നല്‍കാനാവുക.
ഇതോടെ ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്‌റ്റാഫ് എന്നിവരടക്കമുള്ള 20000ത്തോളം പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്‌ടമായേക്കും. ഒക്‌ടോബര്‍ മുതല്‍ ഫണ്ട് നല്‍കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നവംബര്‍ വരെ ഇവരെ പിരിച്ചുവിടരുതെന്ന് ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു.
അതിനാൽ തന്നെ അടുത്ത മാസത്തെ വേതനം സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയേക്കും. മൂന്നാം തരംഗ സാധ്യതയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇവരെ പിരിച്ചുവിടാവൂ എന്നും അല്ലെങ്കില്‍ സിഎഫ്എല്‍ടിസി അടക്കമുള്ളവയുടെ പ്രവര്‍ത്തനം താളം തെറ്റുമെന്നുമാണ് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കിയത്.
റെയില്‍വേ സ്‌റ്റേഷന്‍, അതിര്‍ത്തി ചെക് പോസ്‌റ്റുകള്‍, ഡിഎംഒ ഓഫിസിലെ ഡാറ്റ എന്‍ട്രി തുടങ്ങിയ ജോലികളെല്ലാം കൈകാര്യം ചെയ്‌തത് ഇവരായിരുന്നു. ഇവരെ പിരിച്ചുവിട്ടാല്‍ ഇത്തരം ജോലികളിലെല്ലാം തടസം നേരിടുമെന്നാണ് ആശങ്ക.
Read Also: മുട്ടിൽ മരംമുറി; അന്വേഷണം മന്ദഗതിയിൽ, കുറ്റംപത്രം സമർപ്പിക്കുന്നത് നീളുന്നു