ഒന്നര വര്‍ഷത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകള്‍ ആയിരത്തിൽ താഴെയായി

By Staff Reporter, Malabar News
Veena George
Ajwa Travels

തിരുവനന്തപുരം: ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്‌ഥാനത്തെ കോവിഡ് കേസുകള്‍ ആയിരത്തിന് താഴെയായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി റിപ്പോര്‍ട് ചെയ്‌തത് 2020 ആഗസ്‌റ്റ് മൂന്നിനാണ്. അന്ന് 962 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. അതിന് ശേഷം രണ്ടാം തരംഗമുണ്ടായി. രണ്ടാം തരംഗം താഴ്‌ന്നെങ്കിലും ആയിരത്തിന് താഴെ കേസുകളുടെ എണ്ണം താഴ്ന്നില്ല. പിന്നീട് മൂന്നാം തരംഗത്തോടെ വീണ്ടും കേസ് ഉയര്‍ന്നു. എന്നാല്‍ സംസ്‌ഥാനം ആവിഷ്‌കരിച്ച കോവിഡ് പ്രതിരോധ സ്ട്രാറ്റജി ഫലം കണ്ടു.

വളരെ വേഗം കേസുകള്‍ കുറയുകയും ആയിരത്തില്‍ താഴെ എത്തുകയും ചെയ്‌തു. കേസ് കുറഞ്ഞെങ്കിലും ശ്രദ്ധക്കുറവ് പാടില്ല. പൂര്‍ണമായും കോവിഡ് മുക്‌തമാക്കുകയാണ് ലക്ഷ്യം. മാസ്‌ക് മാറ്റാറായിട്ടില്ല. കുറച്ച് നാള്‍ കൂടി ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്‌തമാക്കി. 2020 ഓഗസ്‌റ്റിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായി വര്‍ധിച്ചു. പിന്നീടാണ് രണ്ടാം തരംഗം ഉണ്ടായത്. അത് ക്രമേണ വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം മെയ് 12ന് 43,529 വരെ ഉയര്‍ന്നു.

പിന്നീട് സംസ്‌ഥാനം നടത്തിയ ശക്‌തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 27ന് കോവിഡ് കേസുകള്‍ 1636 ആയി കുറഞ്ഞിരുന്നു. എന്നാല്‍ ക്രിസ്‌തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. കോവിഡിന്റെ ജനിതക വകഭേദമായ ഒമൈക്രോണ്‍ ഇവിടേയും വ്യാപിച്ചതോടെ ജനുവരി ഒന്നോടെ മൂന്നാം തരംഗം ആരംഭിച്ചു. മൂന്നാം തരംഗത്തില്‍ ഇക്കഴിഞ്ഞ ജനവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്.

കോവിഡ് ഒന്നും രണ്ടും തരംഗത്തെ പോലെ മൂന്നാം തരംഗത്തേയും നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഒരിക്കല്‍ പോലും ആശുപത്രി കിടക്കകള്‍ക്കോ, ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്കോ, സുരക്ഷാ ഉപകരണങ്ങള്‍ക്കോ കുറവ് വന്നിട്ടില്ല. ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല സംസ്‌ഥാനം ആവിഷ്‌കരിച്ചത്. ഡെല്‍റ്റാ വകഭേദം രോഗ തീവ്രത കൂടുതലായിരുന്നു. എന്നാല്‍ ഒമൈക്രോണ്‍ വകഭേദത്തിന് ഗുരുതരാവസ്‌ഥ കുറവാണെങ്കിലും വ്യാപന ശേഷി വളരെ കൂടുതലാണ്.

സംസ്‌ഥാനം ആവിഷ്‌കരിച്ച വാക്‌സിനേഷന്‍ യജ്‌ഞവും ഫലം കണ്ടു. 18 വയസിന് മുകളിലെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും വാക്‌സിന്‍ നല്‍കാനായി. 15 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കും ബഹുഭൂരിപക്ഷത്തിനും വാക്‌സിന്‍ നല്‍കി. ശക്‌തമായ പ്രതിരോധം കൂടിയായപ്പോള്‍ ഉയര്‍ന്ന വേഗത്തില്‍ തന്നെ കേസുകള്‍ കുറഞ്ഞ് വരുന്നതാണ് കാണാന്‍ കഴിഞ്ഞത്.

മൂന്നാം തരംഗത്തിന്റെ ആദ്യം, ഈ ജനുവരി ആദ്യ ആഴ്‌ചയില്‍ 45 ശതമാനമാണ് കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായത്. ജനുവരി മൂന്നാം ആഴ്‌ചയില്‍ 215 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ പിന്നീടത് വളരെ വേഗം കുറഞ്ഞു. ഇക്കഴിഞ്ഞ ആഴ്‌ചയില്‍ മൈനസ് 39.48 ശതമാനം കേസുകളാണ് കുറഞ്ഞത്. ഇനിയും കേസുകള്‍ വളരെ വേഗം താഴാന്‍ ജാഗ്രത തുടരണമെന്നും മന്ത്രി അഭ്യർഥിച്ചു.

Read Also: കണ്‍സെഷന്‍ വിവാദം; തന്റെ വാക്കുകള്‍ അടര്‍ത്തി എടുത്തതെന്ന് ആന്റണി രാജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE