തിരുവനന്തപുരം: സംസ്‌ഥാനത്ത് അതികഠിനമായ ചൂട് കൂടുന്ന സാഹചര്യത്തിൽ, സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്ളാസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ക്‌ളാസുകൾ രാവിലെ 10.30ന് ശേഷം പാടില്ലെന്നാണ് ഉത്തരവ്.
ട്യൂഷൻ സെന്ററുകൾക്കും ഇത് ബാധകമാണ്. കുട്ടികൾക്ക് കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിർദ്ദേശം. അതേസമയം, കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താം.
കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് മുതൽ മുകളിലേക്ക് അനുഭവപ്പെടും. അതിനിടെ, 22 വരെ ചില ജില്ലകളിൽ മിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്.
സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡ് തിരുത്തി. വൈദ്യുതി ആവശ്യം ഈമാസം രണ്ടാം തവണയും 6000 മെഗാവാട്ട് കടന്നു. വെള്ളിയാഴ്‌ച രാത്രി പീക്ക് സമയത്തെ ആവശ്യം 6013 മെഗാവാട്ട് ആയിരുന്നു. കെഎസ്ഇബി അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്‌ന്നു.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം







































