തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകൾ നടക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
മാർച്ച് ഒന്നുമുതൽ 3641 പരിശോധനകളാണ് സംസ്‌ഥാനത്ത് നടന്നത്. 291 സ്‌ഥാപനങ്ങൾക്ക് റെക്‌ടിഫിക്കേഷൻ നോട്ടീസും 219 സ്‌ഥാപനങ്ങൾക്ക് കോബൗണ്ടിങ് നോട്ടീസും നൽകി. ജ്യൂസ്, കൂൾ ഡ്രിഗ്‌സ്, സോഫ്റ്റ് ഡ്രിഗ്‌സ് എന്നിവയുടെ 506 സർവൈലൻസ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്‌റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു.
ചൂട് വർധിക്കുന്നതിനാൽ നിർജലീകരണത്തിനും ദേഹാസ്വാസ്‌ഥ്യത്തിനും സാധ്യതയുണ്ട്. ഇതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
വെയിലത്ത് ജോലി ചെയ്യേണ്ട സാഹചര്യങ്ങളിൽ പകൽ 11 മണിമുതൽ മൂന്ന് മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ യഥാസമയം കണ്ടെത്തി ശരിയായ ചികിൽസ ഉറപ്പുവരുത്തുന്നതിനായി എല്ലാ പിഎസ്എസി/ സിഎച്ച്സി മെഡിക്കൽ ഓഫീസർമാർക്കും താലൂക്ക്/ ജില്ലാ/ ജനറൽ ആശുപത്രി/ മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർക്കും അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി പരിശോധനകൾ കൂടുതൽ ശക്‌തമാക്കും. ഓരോ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ അസിസ്‌റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പരിശോധന നടത്തുന്നത്.
ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ് ഏറെ അപകടകാരി. മലിനമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാൽ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാൻ പാടുള്ളൂ. ആഹാര സാധനങ്ങൾ ചൂട് കാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































