തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലർട്ടാണ്. 21ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലും 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
അതേസമയം, സംസ്‌ഥാനത്ത് കാലവർഷം മേയ് 31ഓടെ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കാലവർഷം മേയ് 19നകം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാനാണ് സാധ്യത.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. റെഡ് അലർട് പ്രഖ്യാപിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി.
നാളെ മുതൽ 23 വരെയാണ് ഏഴ് മണിക്ക് ശേഷം മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചിരിക്കുന്നത്. ഗവി ഉൾപ്പടെയുള്ള വിനോദസഞ്ചാര മേഖലയിലേക്കും യാത്രാ നിരോധനമുണ്ട്. അതുപോലെ ക്വാറികളുടെ പ്രവർത്തനവും നിർത്തിവെച്ചു. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്‌ജമാക്കി. റാന്നി, കോന്നി മേഖലയിൽ ദുരന്ത സാധ്യതയുള്ള സ്‌ഥലങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്നും കളക്‌ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്