തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴിയുടെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്‌തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. 27വരെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
തുലാവര്‍ഷത്തിന് മുന്നോടിയായി, ബംഗാള്‍ ഉള്‍ക്കടലിലും ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി 25 മുതല്‍ 27വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. 26ന് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.
സംസ്‌ഥാനത്ത് 27വരെ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ മഴ തുടരുകയാണ്. പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. സീതത്തോട് കോട്ടമൺപാറയിലും, ആങ്ങമൂഴി തേവർമല വനമേഖലയിലും, റാന്നി കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിന് സമീപത്തും വെള്ളം കുത്തിയൊഴുകുകയാണ്.
കോട്ടയത്ത് കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയും ചെറുതോടുകള്‍ കരകവിഞ്ഞ് ഒഴുകുകയുമാണ്. ഇടുക്കിയുടെ വിവിധ മേഖലകളിലും ശക്‌തമായ മഴ തുടരുകയാണ്. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെടുന്നത്.
Most Read: ‘കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനസ്‌ഥാപിക്കും’; ആഭ്യന്തരമന്ത്രി അമിത് ഷാ







































