തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ന്യുനമര്‍ദ്ദത്തിന്റെയും ന്യുനമര്‍ദ്ദ പാത്തിയുടെയും സാന്നിധ്യമാണ് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത വര്‍ധിപ്പിക്കുന്നത് എന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലാണ് സ്‌ഥിതി ചെയ്യുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്‌തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ലക്ഷദ്വീപ് മുതല്‍ മഹാരാഷ്‌ട്ര തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
അതിനിടെ, ഇടുക്കി മലയോര മേഖലയില്‍ ശക്‌തമായ മഴ തുടരുകയാണ്. ജില്ലയിലെ വിവിധ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്ന സ്‌ഥിതിയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പൊൻമുടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി.
മഴ ശക്‌തമായി തുടര്‍ന്നാല്‍ മറ്റ് അണക്കെട്ടുകളും തുറക്കേണ്ടി വരും. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി.
Most Read: മുന്‍ ഹരിത നേതാക്കളുടെ പരാതി; പികെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു







































