തിരുവനന്തപുരം: സണ്ണി ജോസഫ് അധ്യക്ഷനായ പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും നേതൃമാറ്റം ഉടനുണ്ടാകും. സംസ്‌ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷൻമാരെ മാറ്റാനാണ് തീരുമാനം.
കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ഡിസിസി അധ്യക്ഷൻമാർക്ക് മാറ്റമുണ്ടാകില്ലെന്നാണ് വിവരം. മികച്ച പ്രവർത്തനം കാഴ്‌ചവെച്ചതുകൊണ്ടാണ് പുനഃസംഘടനയിൽ നിന്ന് നാല് ഡിസിസികളെ ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്. എന്നാൽ, ചില ഭാരവാഹികളെ മാറ്റാൻ സാധ്യതയുണ്ട്.
ഇന്ന് ഡെൽഹിയിൽ ചേരുന്ന യോഗത്തിൽ പ്രധാന ചർച്ചയും പുനഃസംഘടന സംബന്ധിച്ചാകും. പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഡിസിസികളിലെ നേതൃമാറ്റം കൊണ്ടുവരുന്നത്. കെപിസിസി ഭാരവാഹികളെ ഉടൻ തീരുമാനിക്കുമെന്നാണ് വിവരം. ആരാണ് ചുമതലകളിലേക്ക് വരേണ്ടത് എന്നത് സംബന്ധിച്ച് ഇന്നലെ തന്നെ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുമായാണ് ഡെൽഹിയിൽ പുതിയ കെപിസിസി നേതൃത്വത്തിന്റെ ചർച്ച. അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡണ്ടുമാരായ പിസി വിഷ്‌ണുനാഥ്, ഷാഫി പറമ്പിൽ, എപി അനിൽകുമാർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, മുൻ കെപിസിസി പ്രസിഡണ്ടുമാർ, കേരളത്തിൽ നിന്നുള്ള വർക്കിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കാണ് ഡെൽഹിയിലേക്ക് ക്ഷണം.
Most Read| അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ