ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദ് കുറ്റം സമ്മതിച്ചു. എറണാകുളം റെയ്ഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്‌തയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ കേസിൽ ശക്‌തമായ തെളിവുകളും, സാക്ഷികളും ഉണ്ടെന്നും, അതിനാൽ തന്നെ പ്രതി രക്ഷപെടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് ഹമീദ് കൊലപാതകം നടത്തിയതെന്നാണ് വിവരം. കൂടാതെ കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് കൃത്യം നടത്തിയതെന്നത് ഭീതിയുടെ ആക്കം കൂട്ടുകയാണ്.
മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമാണ് ഹമീദ് കൊലപാതകം നടത്തിയത്. തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കുമെന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടു. കൂടാതെ മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്‌ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടിയ ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞാണ് ഹമീദ് തീ വച്ചത്. തീ ഉയർന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാൽ കുടുംബം അഗ്‌നിക്കിരയാവുകയായിരുന്നു.
Read also: കെസി വേണുഗോപാലിനെ വിമർശിച്ചു; രണ്ടുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു