യുവാക്കളെ ലക്ഷ്യമിട്ട് പുത്തൻ ഇ-സ്കൂട്ടറുമായി ബജാജ്. ചേതക് സി25ന്റെ ബുക്കിങ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. 2.5kWH ബാറ്ററിയും 113 കിലോമീറ്റർ റേഞ്ചും മെറ്റൽ ബോഡിയുമാണ് സി25ന്റെ പ്രധാന സവിശേഷതകൾ. ചേതക് സി25 എന്ന ഇലക്ട്രിക് സ്കൂട്ടറിന് 91,399 രൂപയാണ് വില.
ഗുണനിലവാരത്തിൽ കുറവ് വരുത്താതെ താങ്ങാവുന്ന വിലയിലുള്ള സ്കൂട്ടറെന്ന നിലയിലാണ് പുതിയ മോഡലിന്റെ വരവ്. കൂടുതൽ പേരിലേക്ക് ചേതക്കിനെ എത്തിക്കാൻ പുതിയ സി25ന്റെ വരവ് വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. വരുന്ന ഒന്നര വർഷത്തിനുള്ളിൽ പുതിയ മോഡലുകൾ അവതരിപ്പിച്ച് കൂടുതൽ വിപണി പിടിക്കാൻ ചേതക് ശ്രമിക്കുമെന്ന് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ അറിയിച്ചു.
കൂടുതലായി യുവജനങ്ങളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തിലാണ് സി25 ബജാജ് പുറത്തിറക്കുന്നത്. കൂടുതൽ ജനകീയമായ മോഡൽ അവതരിപ്പിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള വൈദ്യുത സ്കൂട്ടർ ബ്രാൻഡായി മാറുകയാണ് ലക്ഷ്യം. നിലവിൽ ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിൽ ടിവിഎസ് മോട്ടോഴ്സിന് പിന്നിൽ രണ്ടാമതാണ് ബജാജ് ഓട്ടോ.
നിലവിൽ 35,30 എന്നിങ്ങനെ രണ്ട് സീരീസുകളിലായാണ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ലഭിക്കുന്നത്. രണ്ട് സീരീസുകളിലായി 3001, 3503, 3502, 3501 എന്നിങ്ങനെ നാല് വകഭേദങ്ങളുമുണ്ട്. ആറുവർഷം കൊണ്ട് ആറുലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കാൻ ബജാജിന് സാധിച്ചിരുന്നു. ഇതിൽ 2025ൽ മാത്രം 2.80 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളാണ് വിറ്റത്. ബജാജ് ചേതക്കിന്റെ 40% ഉപഭോക്താക്കളും 35 വയസിൽ താഴെ പ്രായമുള്ളവരാണ്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































