തിരുവനന്തപുരം: പിണറായിയെ പോലൊരു മുഖ്യമന്ത്രി ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് അപമാനകരമാണെന്നും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്ന അവസ്‌ഥയിലാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
സംസ്‌ഥാനത്തെ ഗവര്‍ണര്‍-മുഖ്യമന്ത്രി പോരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. തെരുവില്‍ കിടന്ന് പറയുന്നതു പോലെ ഗവര്‍ണറും മുഖ്യമന്ത്രിയും പറയുന്നത് നാണക്കേടാണ്. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു സാഹചര്യം. നാടിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്‌പോര് നടത്തുന്നത്.
സംസ്‌ഥാന സര്‍ക്കാര്‍ സാമാന്യ മര്യാദ ലംഘിച്ചു. സംസ്‌ഥാനം ഇപ്പോള്‍ ചെയ്യുന്നത് ശരിയല്ല. വിഷയത്തില്‍ ഇടപെടാതെ കേന്ദ്രം നോക്കി നില്‍ക്കുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ എങ്കിലും കേന്ദ്രം ഇടപെടണം. യൂണിവേഴ്‌സിറ്റികളില്‍ നടന്നത് പിന്‍വാതില്‍ നിയമനങ്ങളാണ്. വിഷയത്തിൽ ഗവര്‍ണര്‍ എടുത്ത നിലപാടുകൾ ശരിയാണ്.
ഗവര്‍ണറെ സംസ്‌ഥാന സര്‍ക്കാര്‍ അപമാനിക്കുകയാണ്. ഗവര്‍ണറുടെ ഭാഗത്ത് നേരത്തെ തെറ്റ് പറ്റിയിട്ടുണ്ട്. ഇടതുപക്ഷത്തിന് വഴങ്ങി കൊടുത്തിട്ടുണ്ട്. നീതിരഹിത നിയമനം നടന്നപ്പോള്‍ ചൂട്ടു പിടിച്ച ആളാണ് ഗവർണർ. ഗവര്‍ണര്‍ ഒരുപാട് രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ്.
വളച്ചാല്‍ വളയുന്ന ആളാണ് ഗവര്‍ണര്‍ എന്ന് ഇടത് പക്ഷ സര്‍ക്കാര്‍ തൊട്ടറിഞ്ഞിരുന്നു. ഭീഷണി ഉണ്ടെന്ന് ഗവര്‍ണര്‍ പറയുന്നത് ഗൗരവമായി കാണണം. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അദ്ദേഹത്തെ തെറ്റ് പറയാന്‍ ആവില്ലെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
Most Read: 1,400 കോടിയുടെ ഖാദി കുംഭകോണം നടത്തിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജിവെയ്‌ക്കണം; ആംആദ്‌മി