കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ വരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സര്‍പ്പിച്ചത്.
ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ് പത്രിക നല്‍കാന്‍ മുഖ്യമന്ത്രി എത്തിയത്. രണ്ട് സെറ്റ് പത്രികയാണ് ഇന്ന് സമര്‍പ്പിച്ചത്. സിപിഎം നേതാക്കളായ സിഎന്‍ ചന്ദ്രന്‍, പി ബാലന്‍ എന്നിവര്‍ പത്രികയില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു.
അതേസമയം, ധർമ്മടത്ത് പിണറായി വിജയനെതിരെ ആര് മൽസരിക്കണമെന്ന് യുഡിഎഫിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഫോർവേഡ് ബ്ളോക്ക് നേതാവ് ജി ദേവരാജനോട് മൽസരിക്കാമോ എന്ന് യുഡിഎഫ് നേതൃത്വം ആരാഞ്ഞെങ്കിലും അദ്ദേഹം താൽപര്യം ഇല്ലെന്ന് പറയുകയായിരുന്നു.
2016ൽ 56.84% വോട്ട് നേടി, മുപ്പത്തിയേഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ ധർമ്മടത്ത് നിന്ന് ജയിച്ചത്. കോൺഗ്രസ് നേതാവായ മമ്പറം ദിവാകരനായിരുന്നു അന്ന് പിണറായിക്ക് എതിരെ മൽസരിച്ചത്.
Also Read: കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് വി ശിവൻകുട്ടി







































