ബെയ്ജിങ്: കോവിഡ് വാക്സിൻ വിതരണത്തിനായി അനുമതി തേടി ചൈനീസ് കമ്പനിയായ സിനോഫാം. ചൈനയിൽ വാക്സിൻ വിതരണം വിതരണം ചെയ്യുന്നതിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. പരീക്ഷണത്തിന്റെ റിപ്പോർട്ടുകൾ വിശദമായി പഠിച്ചതിനുശേഷം വാക്സിൻ സംബന്ധിച്ച തീരുമാനങ്ങൾ സ്വീകരിക്കേണ്ടത് സർക്കാർ നിയോഗിച്ച സമിതികളാണ്, സിനോഫാം അറിയിച്ചു.
യുഎഇ അടക്കമുള്ള രാജ്യങ്ങളുമായി ചേർന്ന് നടത്തിയ വാക്സിൻ പരീക്ഷണം വിജയകരമാണെന്നും വാക്സിൻ വിതരണം ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞുവെന്നും കമ്പനി പ്രതികരിച്ചു.
വാക്സിൻ വിതരണത്തിനുള്ള അനുമതി ലഭിച്ചാൽ പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്ന രണ്ടാമത്തെ രാജ്യമാകും ചൈന. നേരത്തെ റഷ്യയും പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കിയിരുന്നു. അഞ്ചോളം ചൈനീസ് വാക്സിനുകളുടെ പരീക്ഷണങ്ങൾ ചൈനയിൽ പുരോഗമിക്കുന്നുണ്ട്. ഇതുകൂടാതെ യുഎഇ, ബ്രസീൽ, പാകിസ്ഥാൻ, പെറു തുടങ്ങിയ രാജ്യങ്ങളിലും ചൈനീസ് വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.
സിനോഫാം വാക്സിന് ലഭിച്ച അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയിലൂടെ 10 ലക്ഷത്തോളം ആളുകൾക്ക് വാക്സിൻ വിതരണം ചെയ്തിട്ടുണ്ടെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈയിലാണ് വാക്സിന്റെ വിതരണം ആരംഭിച്ചത്. എന്നാൽ പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് നടത്തിയ വാക്സിൻ വിതരണത്തെ ചോദ്യം ചെയ്ത് ആരോഗ്യ രംഗത്തെ വിദഗ്ധരും രംഗത്തെത്തിയിരുന്നു.
Read also: കോവിഡ് വാക്സിൻ; യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ആദ്യഘട്ട വിതരണം ഡിസംബറോടെ







































