ത്രസിപ്പിക്കുന്ന മോഷൻപോസ്‌റ്റർ പുറത്തിറക്കി ചിരഞ്‌ജീവിയുടെ ‘ഗോഡ്‌ഫാദർ‘ പ്രവർത്തകർ. മെഗാസ്‌റ്റാർ ചിരഞ്‌ജീവിയുടെ 153ആമത്തെ ചിത്രമാണ് ‘ഗോഡ്‌ഫാദർ‘. മലയാളം സൂപ്പർഹിറ്റായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ‘ഗോഡ്‌ഫാദർ‘.
ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻ രാജയാണ്. തെലുങ്കിൽ പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് മസാല ചിത്രമായാണ് ‘ഗോഡ്‌ഫാദർ‘ ഒരുക്കുന്നത്. ചിരഞ്‌ജീവിയുടെ ജൻമദിന സമ്മാനമായാണ് ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ 22 ഓഗസ്‌റ്റിന് പുറത്തിറക്കിയതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
കൊണിഡെല പ്രൊഡക്ഷൻസ്, സൂപ്പർ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ ആർബി ചൗധരി, എൻവി പ്രസാദ്, കൊനിദേല സുരേഖ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ചിരഞ്‌ജീവിക്ക് നായികയായി എത്തുന്നത് നയൻതാരയാണ്. ഇത് രണ്ടാം തവണയാണ് നയൻതാര ചിരഞ്‌ജീവിയുടെ ഹീറോയിൻ ആയി അഭിനയിക്കുന്നത്.
താരത്തിന്റെ പേരിലെ അക്ഷരങ്ങൾ ‘ഗോഡ്‌ഫാദർ‘ എന്ന തലക്കെട്ടിലേക്ക് മാറുന്ന മോഷൻ പോസ്‌റ്റർ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. തലക്കെട്ടിനെ അർഥവത്താക്കുന്ന രീതിയിൽ ചെസ് ബോർഡിലെ ഒരുകരു വളരുന്നതും ചിരഞ്‌ജീവിയുടെ നിഴൽ അതിലേക്ക് ലയിക്കുന്നതും ശ്രദ്ധേയമാണ്. മോഷൻ പോസ്‌റ്റർ ഇവിടെകാണാം:
പോസ്‌റ്ററിൽ ചിരഞ്‌ജീവി തീവ്രമായ രൂപത്തിൽ തൊപ്പി ധരിക്കുകയും കയ്യിൽ തോക്കുമായി നിൽക്കുകയും ചെയ്യുന്നു. തന്റെ ഗംഭീര കരിയറിലെ ഏറ്റവും ശക്‌തമായ ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ എത്തുന്നതെന്ന് ആരാധകരെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് പോസ്‌റ്റർ ഉൾപ്പടെയുള്ള പ്രചരണങ്ങൾ മുന്നേറുന്നത്.

ലൂസിഫർ മലയാളത്തിൽ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം ചിരഞ്‌ജീവി സ്വന്തമാക്കിയത്. എസ്‌എൻ തമനാണ് സംഗീത സംവിധാനം. ഛായാഗ്രാഹകൻ നിരവ് ഷാ ക്യാമറ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം – സുരേഷ് സെൽവരാജൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – വക്കാട അപ്പറാവു, പിആർഒ – വംശി-ശേഖർ, പി ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു.
Most Read: സഞ്ചാരികൾക്ക് സ്വാഗതം; ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു







































