മലപ്പുറം: ജില്ലയിൽ രണ്ടുപേർക്ക് കോളറ സ്‌ഥിരീകരിച്ചു. മലപ്പുറം വഴിക്കടവ് പഞ്ചായത്തിലാണ് കോളറ സ്‌ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളുമായി 14 പേർ കൂടി ചികിൽസ തേടിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ രേണുക നിർദ്ദേശം നൽകി.
പഞ്ചായത്തുതല ദ്രുതകർമ സേന അടിയന്തിരമായി യോഗം ചേരുകയും മുന്നറിയിപ്പ് നൽകാൻ മൈക്ക് അന്നൗൺസ്‌മെന്റുകളും നടത്തുന്നുണ്ട്. വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരാക്കോടം പുഴയിൽ സ്‌ഥിതി ചെയ്യുന്ന പമ്പിങ് സ്‌റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങൾ കണ്ടത്.
ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും വിദഗ്‌ധ സംഘം സ്‌ഥലം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തിട്ടുണ്ട്. മലിനജലം തുറന്നുവിട്ട ഹോട്ടലുകൾ അടപ്പിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്. രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫിസിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 8547918270, 9496127586, 9495015803.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; തീ നിയന്ത്രണ വിധേയം- പുക ആലപ്പുഴ ഭാഗത്തേക്ക്