ഇംഗ്ളണ്ട്: ആഷസ് തോൽവിയെ തുടർന്ന് രൂക്ഷ വിമർശനം നേരിട്ട ഇംഗ്ളണ്ട് മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡ് രാജിവച്ചു. ആഷസ് ഇംഗ്ളണ്ട് 4-0ന് കൈവിട്ടതോടെ മുൻതാരങ്ങളിൽ നിന്നടക്കം അതിരൂക്ഷ വിമർശനമാണ് സിൽവർവുഡ് നേരിട്ടത്. മുൻ നായകൻ മൈക്കൽ അതേർട്ടൻ ഇംഗ്ളീഷ് മാനേജ്മെന്റിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ് സിൽവർവുഡിൻറെ പടിയിറക്കം.
സിൽവർവുഡിനെ നിയമിച്ച മാനേജിങ് ഡയറക്ടർ ആഷ്ലി ഗിൽസ് സ്ഥാനമൊഴിഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് പരിശീലകന്റെ രാജി. ഇടക്കാല മാനേജിങ് ഡയറക്ടറും ഇംഗ്ളണ്ട് മുൻ നായകനുമായ ആൻഡ്രൂ സ്ട്രോസ് വിൻഡീസ് പര്യടനത്തിനായി താൽക്കാലിക പരിശീലകനെ കണ്ടെത്തും. ഇതിന് ശേഷം കോച്ചിംഗ് സ്റ്റാഫിനെ നിയമിക്കും എന്നും ഇസിബി ചീഫ് എക്സിക്യൂട്ടീവ് ടോം ഹാരിസൺ പറഞ്ഞു.
ഇംഗ്ളണ്ട് പരിശീലകനാകാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്. താരങ്ങൾക്കും സ്റ്റാഫിനുമൊപ്പം പ്രവർത്തിക്കാനായതിൽ വലിയ അഭിമാനമുണ്ട്. ഇംഗ്ളണ്ട് ടീമിൽ നായകൻമാരായ ജോ റൂട്ടിനും(ടെസ്റ്റ്) ഓയിൻ മോർഗനുമൊപ്പം (വൈറ്റ് ബോൾ) വളരെ ആസ്വദിച്ചാണ് പ്രവർത്തിച്ചത്. നിലവിലെ ടീമിനെക്കുറിച്ച് ഏറെ അഭിമാനമുണ്ട് എന്നും ക്രിസ് സിൽവർവുഡ് പ്രതികരിച്ചു. വിൻഡീസിനെതിരെ മാർച്ച് എട്ടിനാണ് മൂന്ന് മൽസരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അടുത്തിടെ വിൻഡീസിനോട് ടി20 പരമ്പര ഇംഗ്ളണ്ട് 3-2ന് തോറ്റിരുന്നു.
Also Read:










































