കാസർഗോഡ്: മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. കാസർഗോഡ് കുഡ്‌ലുവിലാണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കമാണ് സംഘർഷത്തിലും തുടർന്ന് കത്തിക്കുത്തിലും കലാശിച്ചത്. ബിജെപി പ്രവർത്തകരായ പ്രശാന്ത്, മഹേഷ് എന്നിവർ തമ്മിലാണ് സംഘർഷം ഉണ്ടായത്.
പ്രശാന്തിനാണ് കുത്തേറ്റത്. ഇയാളെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശാന്തിനെ കുത്തിയത് മഹേഷാണെന്ന് പോലീസിന് വ്യക്‌തമായിട്ടുണ്ട്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മഹേഷിനെ വിശദമായി ചോദ്യം ചെയ്‌തതിന് ശേഷം മാത്രമേ അറസ്‌റ്റ് രേഖപെടുത്തുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
പത്ത് സെന്റീമീറ്ററോളം നീളത്തിൽ പ്രശാന്തിന്റെ വയറിൽ കീറലുണ്ടെന്നാണ് ഡോക്‌ടർമാർ വ്യക്‌തമാക്കുന്നത്. നിലവിൽ പ്രശാന്ത് അപകടനില തരണം ചെയ്‌തിട്ടുണ്ട്. 2013ൽ എസ്‌ഡിപിഐ പ്രവർത്തകനായ സൈനുൽ ആബിദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. കുത്തേറ്റ പ്രശാന്ത് 15 കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ നേരത്തെ കേരളാ പോലീസ് കാപ്പ ചുമത്തിയിരുന്നു. മഹേഷും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Most Read: മോഡലുകളുടെ മരണം; കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും






































