തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ഐജിക്കും ഡിഐജിക്കും ക്‌ളീൻ ചിറ്റ്. ഐജി സേതുരാമൻ, ഡിഐജി അജിത ബീഗം എന്നിവരെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശമില്ല. തൃശൂർ പൂരത്തിൽ പ്രശ്‌നം നടക്കുന്ന സമയം ഐജിയും ഡിഐജിയും സ്‌ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ, ഇവർ എന്ത് ചെയ്‌തു എന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടില്ല.
അതേസമയം, പോലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ, തുടർനടപടി ശുപാർശ ചെയ്യുന്നില്ല. വീഴ്‌ചയുടെ ഉത്തരവാദി കമ്മീഷണർ അങ്കിത് അശോക് മാത്രമാണെന്നാണ് റിപ്പോർട്ടിലുള്ളത്. കമ്മീഷണർക്കെതിരെ സ്വീകരിച്ച നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് റിപ്പോർട്ടിൽ എഡിജിപി സ്വീകരിച്ചിരിക്കുന്നത്.
കമ്മീഷണർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്‌താൽ മുതിർന്ന ഉദ്യോഗസ്‌ഥരുടെ വീഴ്‌ചയെ കുറിച്ചും ചോദ്യങ്ങൾ ഉയരും. ഇതൊഴിവാക്കാനാണ് ഉദ്യോഗസ്‌ഥർക്കെതിരെ കടുത്ത പരാമർശങ്ങൾ ഒഴിവാക്കിയതെന്നാണ് സൂചന. പൂരത്തിന്റെ മുന്നൊരുക്ക യോഗങ്ങളിൽ ഏകപക്ഷീയ തീരുമാനങ്ങൾ എടുത്തു, ദേവസ്വങ്ങളെ വിശ്വാസത്തിലെടുത്തില്ല, പരാതികളിൽ കൃത്യമായി ഇടപെട്ടില്ല എന്നിവയടക്കമുള്ള വീഴ്‌ചകളാണ് അങ്കിത്തിനെതിരെ റിപ്പോർട്ടിലുള്ളത്.
ഇന്നലെയാണ് തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട് ഡിജിപിക്ക് സമർപ്പിക്കുന്നത്. ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്നും കമ്മീഷണർക്ക് വീഴ്‌ച പറ്റിയെന്നും പരിചയക്കുറവ് പ്രശ്‌നം സങ്കീർണമാക്കിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല. കോടതി നിർദ്ദേശങ്ങളുടെ ഭാഗമായാണ് പോലീസ് സുരക്ഷാ നടപടികൾ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി