കൊച്ചി: കളമശേരിയിലെ കനത്ത മഴക്ക് പിന്നിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 മില്ലീമീറ്റർ മഴ പെയ്തുവെന്ന് കുസാറ്റിലെ അസോ.പ്രൊഫസർ എസ് അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. കാക്കനാട് ഇൻഫോപാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകൾ പുതുക്കി. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാടും കാസർഗോഡും കണ്ണൂരും ഒഴികെയുള്ള മറ്റു 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.
കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം റിപ്പോർട് ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും വീട്ടുമുറ്റത്തു നിൽക്കവേ തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാനിറങ്ങിയ പത്താം ക്ളാസ് വിദ്യാർഥി തോട്ടിൽ വീണ് മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!