കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരായ അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് റിപ്പോർട്. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ കളക്‌ടറുടെ റിപ്പോർട്. എൻഒസി നൽകുന്നതിൽ അനാവശ്യ കാലതാമസം ഉണ്ടായില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ കളക്‌ടർ നടത്തിയ അന്വേഷണത്തിലാണ് നവീൻ ബാബുവിന് വീഴ്‌ചയില്ലെന്ന് കണ്ടെത്തിയത്. റിപ്പോർട് നാളെ കളക്‌ടർ സർക്കാരിന് കൈമാറും. പെട്രോൾ പമ്പിന് നിരപേക്ഷ പത്രത്തിനായി ടിവി പ്രശാന്തൻ അപേക്ഷ നൽകിയത് കഴിഞ്ഞ ഡിസംബർ രണ്ടിനാണ്. അന്ന് നവീൻ ആയിരുന്നില്ല എഡിഎം. ഫെബ്രുവരിയിലാണ് അദ്ദേഹം കണ്ണൂരിലെത്തിയത്.
ഫെബ്രുവരി 21ന് ചെങ്ങളായി പഞ്ചായത്തിൽ നിന്ന് അപേക്ഷയിൽ അനുകൂല റിപ്പോർട് ലഭിച്ചു. 22ന് ജില്ലാ ഫയർ ഓഫീസറും 28ന് റൂറൽ പോലീസ് മേധാവിയും മാർച്ച് 30ന് തളിപ്പറമ്പ് തഹസിൽദാറും 31ന് ജില്ലാ സപ്ളൈ ഓഫീസറും റിപ്പോർട് നൽകി. എന്നാൽ, ഇക്കൂട്ടത്തിൽ റൂറൽ പോലീസ് മേധാവി നൽകിയ റിപ്പോർട്ട് അനുകൂലമായിരുന്നില്ല.
വളവുകളുള്ള ഭാഗമായതിനാൽ പമ്പിലേക്ക് വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്. പോലീസിന്റെ പ്രതികൂല റിപ്പോർട് ചൂണ്ടിക്കാട്ടി നിരപേക്ഷ പത്രം നൽകാതിരിക്കാൻ എഡിഎമ്മിന് കഴിയുമായിരുന്നു. എന്നാൽ, എഡിഎം ടൗൺ പ്ളാനറുടെ റിപ്പോർട് ആവശ്യപ്പെട്ടു. കാഴ്‌ച മറയുന്ന തരത്തിലുള്ള കുറ്റിച്ചെടികൾ വെട്ടിമാറ്റിയും ഭൂമിയുടെ കിടപ്പ് നേരെയാക്കിയും അനുമതി കൊടുക്കാമെന്ന് കാണിച്ചു ടൗൺ പ്ളാനർ റിപ്പോർട് സമർപ്പിച്ചത് സെപ്‌തംബർ 30ന്.
ഭൂമി പരിശോധിച്ച എഡിഎം, ടൗൺ പ്ളാനറുടെ റിപ്പോർട് കൂടി പരിഗണിച്ചു ഒക്‌ടോബർ ഒമ്പതിന് നിരപേക്ഷ പത്രം നൽകി. സെപ്‌തംബർ 30നും ഒക്‌ടോബർ ഒമ്പതിനുമിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ മാത്രം. അതേസമയം, പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന് അവകാശപ്പെടുന്ന പരാതിയിൽ നിരപേക്ഷ പത്രം എട്ടിന് ലഭിച്ചെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, ഒമ്പതിന് വൈകിട്ട് 3.47ന് ആണ് എഡിഎം ഇതിൽ ഒപ്പിട്ടിരിക്കുന്നത്.
എഡിഎം നവീൻ ബാബുവിന്റെ ആത്‍മഹത്യയിൽ സർക്കാർ കളക്‌ടറോട് റിപ്പോർട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കളക്‌ടർ പ്രാഥമിക റിപ്പോർട് സമർപ്പിച്ചിരുന്നു. അതിൽ നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ യാത്രയയപ്പ് സമ്മേളനത്തെ കുറിച്ചായിരുന്നു പ്രതിബാധിച്ചിരുന്നത്. ഇതിന് ശേഷം തയ്യാറാക്കിയ അന്തിമ റിപ്പോർട്ടിലാണ് എൻഒസി നൽകാൻ കാലതാമസം വരുത്തിയിട്ടില്ലെന്ന് വ്യക്‌തമാക്കിയത്.
അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പിപി ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണ സംഘം ഇന്ന് പിപി ദിവ്യയുടെയും കളക്‌ടറുടെയും മൊഴി രേഖപ്പെടുത്തും. കേസിൽ നേരത്തെ നവീൻ ബാബുവിന്റെ കുടുബാംഗങ്ങളുടെയും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവരുടെയും ഉൾപ്പടെ പത്ത് പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കൈക്കൂലി പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതിനിടെ, പിപി ദിവ്യ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് വിവരം. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കി. കെകെ രത്‌നകുമാരിയെ പകരം പ്രസിഡണ്ടായി പരിഗണിക്കാനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ