ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഉത്തരാഖണ്ഡിലെ കോളേജുകളും സർവകലാശാലകളും സെപ്റ്റംബർ 1ആം തീയതി മുതൽ തുറക്കും. രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിവിധ നിർദ്ദേശങ്ങൾ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് കഴിഞ്ഞ 16ആം തീയതി മുതൽ 6 മുതൽ 8 വരെയുള്ള ക്‌ളാസുകളിലെ വിദ്യാർഥികൾക്ക് നേരിട്ടുള്ള അധ്യയനം ആരംഭിച്ചിരുന്നു.
ക്ളാസുകൾ തുടങ്ങുന്ന സാഹചര്യത്തിൽ വിദ്യാർഥികളും അധ്യാപകരും സാമൂഹിക അകലം ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. ക്‌ളാസ് മുറികളിലും, സ്‌റ്റാഫ് റൂമുകളിലും സാമൂഹിക അകലം പാലിക്കണമെന്നും, മാസ്‌ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കണമെന്നും കർശന നിർദ്ദേശമുണ്ട്.
അതേസമയം, രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടൻ ആരംഭിക്കില്ല. മുതിർന്നവർക്കുള്ള വാക്‌സിനേഷൻ രാജ്യത്ത് പൂർത്തിയായ ശേഷം മതിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങുകയുള്ളൂ.
Read also: അഫ്ഗാൻ രക്ഷാദൗത്യം; എയർ ഇന്ത്യയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ







































