കോഴിക്കോട്: നരിക്കുനി എരവന്നൂർ എയുപി സ്കൂളിലെ സംഘർഷവുമായി ബന്ധപ്പെട്ടു അധ്യാപകനായ എംപി ഷാജിയെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ചു കയറി അധ്യാപകരെ മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. സമീപത്തെ പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ ഷാജി, ബിജെപി അനുകൂല അധ്യാപക സംഘടന എൻടിയുവിന്റെ നേതാവ് കൂടിയാണ്.
എരവന്നൂർ സ്കൂളിലെ രണ്ടു വിദ്യാർഥികളെ അധ്യാപകർ തല്ലിയ പരാതി അധ്യാപകർ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ, സുപ്രീന ഈ വിവരം പോലീസിന് കൈമാറുകയായിരുന്നു. ഇത് ചർച്ച ചെയ്യാൻ വിളിച്ച സ്റ്റാഫ് കമ്മിറ്റി യോഗത്തിലാണ് തർക്കം നടന്നത്. പിന്നാലെ സ്കൂളിലെത്തിയ ഷാജി യോഗത്തിലേക്ക് അതിക്രമിച്ചു കയറുകയും അധ്യാപകരെ മർദ്ദിക്കുകയും ആയിരുന്നു. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.
എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകന്റെയടക്കം പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ഷാജിയുടെ ഭാര്യയും എൻടിയു പ്രവർത്തകയും എരവന്നൂർ സ്കൂളിലെ അധ്യാപികയുമായ സുപ്രീന സഹപ്രവർത്തകർക്കെതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കൊടുവള്ളി എഇഒയും വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികളെ മർദ്ദിച്ച വിവരം സുപ്രീന പോലീസിൽ അറിയിച്ചത് ശരിയായില്ലെന്ന് സ്റ്റാഫ് യോഗം നിലപാട് എടുത്തതോടെയാണ് ഷാജി കടന്നുകയറി ആക്രമണം കാട്ടിയതെന്നാണ് വിവരം. തന്നോട് മറ്റു അധ്യാപകർ മോശമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഭർത്താവ് ഇടപെട്ടത്. ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും സുപ്രീന പറയുന്നു. ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് താൻ സ്കൂളിൽ എത്തിയതെന്നാണ് ഷാജി സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.
Most Read| സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ; സർക്കാർ ഉത്തരവിന് സ്റ്റേ






































