മുംബൈ: കോൺഗ്രസിന്റേത് ദയനീയ പരാജയം, വിജയിച്ചവരെ അഭിനന്ദിക്കണം എന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പഞ്ചാബിലെ എഎപിയുടെ പ്രകടനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയെയും എഎപിയെയും അഭിനന്ദിച്ചു.
“ഈ സംസ്ഥാനങ്ങളിൽ വിജയിച്ചവരെ നമ്മൾ അഭിനന്ദിക്കണം. കോൺഗ്രസ് ദയനീയമായി തോറ്റു. അഖിലേഷ് യാദവ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല,” അദ്ദേഹം പറഞ്ഞു. ഒരുപക്ഷെ എസ്പിയുമായി കോൺഗ്രസ് സഖ്യത്തിലായിരുന്നെങ്കിൽ സംഖ്യ മെച്ചപ്പെടുമായിരുന്നു. ഓപ്ഷൻ ഉള്ളിടത്തെല്ലാം ആളുകൾ അത് തിരഞ്ഞെടുത്തു. പഞ്ചാബിലെന്നപോലെ ജനങ്ങൾ എഎപിക്ക് വോട്ട് ചെയ്തു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് വേണ്ടത്ര മികച്ചതായിരുന്നില്ല,” സഞ്ജയ് റാവത്ത് പറഞ്ഞു.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയും എൻസിപിയും സഖ്യം പ്രഖ്യാപിച്ചിരുന്നു. യുപിയിലും ഗോവയിലും ശിവസേനയുടെ തോൽവിയെക്കുറിച്ച് സംസാരിച്ച റാവത്ത്, തങ്ങൾ പോരാട്ടം തുടരുമെന്നും പറഞ്ഞു. “ഞങ്ങൾ യുപിയിലും ഗോവയിലും മൽസരിച്ചു. ഇത് ഒരു തുടക്കം മാത്രമാണ്. ഞങ്ങൾ പോരാട്ടം തുടരും. പ്രിയങ്കക്ക് മികച്ച പ്രതികരണം ലഭിച്ചു, പക്ഷേ വോട്ട് ലഭിച്ചില്ല, പക്ഷേ അവരുടെ പോരാട്ടം തുടരും. മഹാരാഷ്ട്രക്ക് പുറത്ത് ഞങ്ങൾ പോരാട്ടം തുടരും,” ശിവസേന നേതാവ് പറഞ്ഞു.
1989ൽ ശിവസേനയും ബിജെപിയും ലോക്സഭയിലേക്കും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്കും സഖ്യത്തിലേർപ്പെട്ടിരുന്നു. 2019 വരെ അവർ മഹാരാഷ്ട്രയിലെ പരമ്പരാഗത സഖ്യകക്ഷികളായിരുന്നു. എന്നിരുന്നാലും, 2019ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം, അവർ അകന്നു, ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി മഹാ വികാസ് അഘാഡി (എംവിഎ) എന്ന പുതിയ സഖ്യത്തിന് കീഴിൽ സർക്കാർ രൂപീകരിച്ചു.
Most Read: ഉത്തരാഖണ്ഡിൽ ബിജെപിക്ക് ഭരണ തുടർച്ച; ചരിത്രത്തിൽ ആദ്യം








































