തിരുവനന്തപുരം: കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ, വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ സ്‌ഥാനാർഥി.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും മൽസരിക്കും. വിജയ സാധ്യത പരിഗണിച്ചാണ് സ്‌ഥാനാർഥി പ്രഖ്യാപനമെന്ന് കോൺഗ്രസ് പ്രതികരിച്ചു. എഐസിസി നിയമിച്ച സർവേ ഏജൻസിയുടെ സർവേയും നിർണായകമായി. ഷാഫി പറമ്പിലിന്റെയും വിഡി സതീശന്റെയും പിന്തുണ രാഹുലിന് തുണയായി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ട രമ്യ ഹരിദാസിന് ഒരവസരം കൂടി നൽകിയിരിക്കുകയാണ് കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി റായ്‌ബറേലിയിൽ നിന്ന് വിജയിച്ചതിന് പിന്നാലെ വയനാട് സീറ്റ് ഒഴിഞ്ഞതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്ന് കെ രാധാകൃഷ്‌ണൻ ജയിച്ചതോടെയാണ് ചേലക്കരയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെ പാലക്കാടും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. നവംബർ 13നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ 23ന് നടക്കും.
Most Read| അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച മലപ്പുറം സ്വദേശിനിക്ക് രോഗമുക്‌തി