കണ്ണൂർ: ലഹരിമാഫിയാ സംഘത്തിനെതിരെ പരാതിപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറിയെ പട്ടാപ്പകൽ വെട്ടിപ്പരിക്കേൽപിച്ചു. പൊടിക്കുണ്ടിൽ താമസിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.
ലഹരിസംഘം താവളമാക്കിയ വീട്ടിൽ രാജീവന്റെ പരാതിയെ തുടർന്ന് പോലീസ് പരിശോധന നടത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിറകിലെന്നാണ് വിവരം. വാക്കത്തി കൊണ്ടു തലയ്‌ക്ക് വെട്ടേറ്റ രാജീവൻ എളയാവൂർ കൊയിലി ആശുപത്രിയിൽ ചികിൽസയിലാണ്.
പൊടിക്കുണ്ട് മിൽമ പ്‌ളാന്റിന് സമീപം രാജീവൻ എളയാവൂർ താമസിക്കുന്ന വീടിന് തൊട്ടടുത്ത വാടക കെട്ടിടത്തിൽ മദ്യം അടക്കം ലഹരി ഉപയോഗിക്കുന്നവർ ഒത്തുകൂടാറുണ്ടെന്ന് പരാതിയുണ്ട്. ഇന്നലെ രാവിലെ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി, പരസ്യ മദ്യപാനം നടത്തിയ 3 പേരെ ഈ വീട്ടിൽ നിന്ന് കസ്‌റ്റഡിയിൽ എടുത്തിരുന്നു. പോലീസിൽ വിവരം അറിയിച്ചത് രാജീവൻ എളയാവൂരാണെന്ന് ആരോപിച്ച് വാടക വീട്ടുടമസ്‌ഥൻ അടക്കമുള്ള സംഘമാണ് ഇദ്ദേഹത്തെ ആക്രമിച്ചത്.
പരസ്യ മദ്യപാനം നടത്തിയവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതിന് ശേഷം വീട്ടുടമ രാജീവൻ ഏറെ നേരം തനിക്ക് നേരെ അസഭ്യ വർഷം നടത്തിയെന്ന് രാജീവൻ എളയാവൂർ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ പരാതിപ്പെട്ടാൽ ആക്രമിക്കപ്പെടും എന്ന അവസ്‌ഥ ഭീതിപ്പെടുത്തുന്നതാണെന്നും ലഹരി മാഫിയകൾക്കെതിരെ പോലീസ് സംവിധാനം ഉണർന്ന് പ്രവർത്തിക്കണമെന്നും മേയർ ടിഒ മോഹനൻ ആവശ്യപ്പെട്ടു.
Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം






































