ന്യൂഡെൽഹി: കോൺഗ്രസിൽ എംപിമാർ മൽസരിക്കില്ലെന്ന് തീരുമാനം. വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും ഒടുവിലാണ് തീരുമാനം. സംസ്‌ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാടിന് ഹൈക്കമാൻഡ് അംഗീകാരം നൽകുകയായിരുന്നു. അതേസമയം, മൽസരിക്കാൻ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കെ. സുധാകരനും അടൂർ പ്രകാശും.
പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരനുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്‌ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ. ഒരു അനുനയ നീക്കത്തിനും വഴങ്ങാത്ത സുധാകരൻ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
തുടർന്നാണ് ഹൈക്കമാൻഡ് അദ്ദേഹത്തെ ഡെൽഹിക്ക് വിളിപ്പിച്ചത്. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുക. കണ്ണൂർ സീറ്റ് വേണമെന്ന സുധാകരന്റെ നിലപാടിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്‌തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് കത്തയച്ചിരുന്നു.
പരിഭവവും പിണക്കവും എല്ലാവർക്കും ഉണ്ടാകുമെന്നും ഹൈക്കമാൻഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കണമെന്നും ആയിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാലിന്റെ പ്രതികരണം. എന്നാൽ സുധാകരൻ പിടിവാശി തുടരുന്നതിനാൽ തീരുമാനം എന്താകുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതാക്കൾ.
അതിനിടെ, കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും. സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരവാഹി ചർച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം സംസ്‌ഥാന ഭാരവാഹികളുമായുള്ള ചർച്ച അവസാനിച്ചതോടെ ജില്ലാ ഭാരവാഹികളുമാണ് ഇന്ന് കൂടിക്കാഴ്‌ച നടക്കുക.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ






































