പൊയിനാച്ചി: തെക്കിൽ- ആലട്ടി റോഡിലെ പൊയിനാച്ചി പറമ്പ് സുരഭി ജങ്‌ഷനിലും ചെറുകര പറമ്പിലും വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ആഴ്‌ചയും അപകടത്തിൽപ്പെട്ട യാത്രക്കാർ ഗുരുതര പരുക്ക് പറ്റി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബൈക്ക് പോസ്‌റ്റിനിടിച്ചായിരുന്നു അപകടം. ബൈക്കും യാത്രക്കാരും തെറിച്ചു വീണ് പെരുമ്പള സ്വദേശി അടക്കം 2 പേർക്കാണ് പരിക്കേറ്റത്.
ബന്തടുക്ക- കുറ്റിക്കോൽ- കുണ്ടംകുഴി- പൊയിനാച്ചി- ചട്ടഞ്ചാൽ ഭാഗങ്ങളിൽ നിന്നും ഈ റോഡിലൂടെ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. 2 റോഡുകൾ ഒന്നിക്കുന്ന ചെറുകര പറമ്പിൽ റോഡിലെ വളവ് അപകടം വിളിച്ചു വരുത്തുന്നതാണ്. അമിത വേഗതയിൽ വരുന്ന സമയത്ത് വാഹനങ്ങൾ നിയന്ത്രണം വിട്ട് തെന്നിപ്പോകുന്നു.
വേണ്ടത്ര പഠനം നടത്താതെ അശാസ്‌ത്രീയമായ റോഡ് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്നും ചൂണ്ടികാട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും വ്യാപാരികളും. ജനങ്ങളുടെ സുരക്ഷിതത്വത്തിനായി റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read: ദേവസ്വം ബോർഡ് അറിയാതെ ക്ഷേത്രഭൂമി പാട്ടത്തിന് നൽകി; അന്വേഷണം








































