വയനാട്: ലക്കിടിയിൽ തോട് കൈയേറി സ്വകാര്യ വ്യക്തി നിർമിച്ച പാലം പൊളിച്ചു നീക്കാൻ നടപടിയായില്ല. വയനാട് ലക്കിടിയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലത്താണ് സ്വകാര്യ വ്യക്തി തോട് കൈയേറി അനധികൃതമായി പാലം നിർമിച്ചത്. പാലം പൊളിച്ചുനീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈ ഹസാർഡ് സോണിൽ ഉൾപ്പെടുത്തിയ സ്ഥലത്താണ് പാലം നിർമാണം പുരോഗമിക്കുന്നത്. വൈത്തിരി പഞ്ചായത്ത് സെക്രട്ടറി പാലം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരുമാസം മുമ്പാണ് സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകിയത്. എന്നാൽ, ഇത് വകവെക്കാതെ പാലത്തിന്റെ നിർമാണ പ്രവൃത്തികളുമായി മുന്നോട്ട് പോവുകയാണ് ചെയ്തത്.
ഇരുമ്പ് കമ്പി ഉപയോഗിച്ച് താൽക്കാലിക പാലം നിർമിക്കാൻ പഞ്ചായത്ത് നൽകിയ അനുമതിയുടെ മറവിലായിരുന്നു കോൺക്രീറ്റ് പാലത്തിന്റെ നിർമാണം. അതേസമയം, പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസിന് പുല്ലുവില കൽപ്പിച്ച സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. വൈത്തിരി പഞ്ചായത്തിൽ കെട്ടിട നിർമാണത്തിന് വ്യാജ കെ എൽ ആർ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നേരിടുന്ന അബ്ദുൽ സത്താറും സംഘവുമാണ് പാലം പണിയുന്നത്.
Most Read: പണിമുടക്ക് ജനങ്ങൾക്ക് വേണ്ടി; മുഖം തിരിക്കാനാവില്ല- കെഎൻ ബാലഗോപാൽ






































