കൂത്തുപറമ്പ്: മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി മമ്പറത്ത് ബോട്ട് ടെർമിനലിന്റെ നിർമാണം പുരോഗമിക്കുന്നു. മമ്പറം പഴയ പാലത്തിന് സമീപമാണ് 90 ലക്ഷം രൂപ ചെലവിൽ ടെർമിനൽ നിർമിക്കുന്നത്. നിലവിൽ പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മലനാട് റിവർ ക്രൂസ് പദ്ധതി നടപ്പാക്കുന്നത്. മാർച്ച് പകുതിയോടെ ബോട്ട് ടെർമിനലിന്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു. ആറ് മാസത്തിനകം നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ . പ്രാദേശികമായി വിനോദസഞ്ചാര മേഖലയെ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മമ്പറം കൂടാതെ അഞ്ചരക്കണ്ടി പുഴയിൽ മൂന്നിടത്ത് കൂടി ബോട്ട് ടെർമിനൽ നിർമിക്കുന്നുണ്ട്. ധർമടം, പാറപ്രം, ചേരിക്കൽ എന്നിവിടങ്ങളിലാണ് ഇവ നിർമിക്കുക. നേരത്തെ മമ്പറം സ്റ്റാൻഡിന് സമീപമാണ് സ്ഥലം കണ്ടെത്തിയിരുന്നത് എങ്കിലും പിന്നീട് പഴയ പാലത്തിന് അടുത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് നിർമാണ പ്രവർത്തികൾ വൈകാൻ കാരണം.
പദ്ധതി യാഥാർഥ്യമാകുന്നതോടെ വലിയ ഹൗസ് ബോട്ടുകളും ചെറിയ ബോട്ടുകളും ഇവിടെ അടുപ്പിക്കാൻ കഴിയും.
Also Read: കൊലക്കേസ് പ്രതികളുടെ മരണം ദുരൂഹം; കേസ് അട്ടിമറിക്കാനുള്ള ശ്രമം പരിശോധിക്കണം; യുഡിഎഫ്








































