ഡെൽഹി: ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ സൈനികരിൽ ആറുപേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപിന്റേത് ഉൾപ്പടെയുള്ള മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
വിങ് കമാൻഡർ ചൗഹാൻ, ജൂനിയർ വാറന്റ് ഓഫിസർ ദാസ്, ലാൻസ് നായിക് ബി സായ് തേജ, ലാൻസ് നായിക് വിവേക് കുമാർ, സ്‌ക്വാഡ്രൺ ലീഡർ കുൽദീപ് സിങ് എന്നിവരുടെയും മൃതദേഹം തിരിച്ചറിഞ്ഞു.
നേരത്തെ ബിപിൻ റാവത്ത്, ഭാര്യ മധുലിമ റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞ് ഡെൽഹിയിൽ സംസ്‌കരിച്ചിരുന്നു. മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കേന്ദ്രസഹമന്ത്രി വി മുരളീധരൻ മൃതദേഹത്തെ ഡെൽഹിയിൽ നിന്ന് അനുഗമിക്കും.
കേരള അതിർത്തിയിൽ വെച്ച് മന്ത്രിമാരായ കെ രാജനും കൃഷ്‌ണൻകുട്ടിയും പ്രദീപിന്റെ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് നേരത്തെ സന്ദേശം ലഭിച്ചിരുന്നു.
പ്രദീപ് പഠിച്ച പൂത്തൂർ ഗവ. സ്‌കൂളിലാണ് പൊതുദർശനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് വീട്ടു വളപ്പിലായിരിക്കും സംസ്‌കാരം. ഡിഎൻഎ പരിശോധന പൂർത്തിയാക്കാൻ കാല താമസം വന്നതോടെയാണ് മൃതദേഹം നേരത്തെ കൊണ്ട് വരാൻ കഴിയാതിരുന്നത്.
Malabar News: മട്ടന്നൂരിൽ ലോറി അപകടത്തിൽ രണ്ട് മരണം