ന്യൂഡെൽഹി: സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും 11 സായുധ സേനാംഗങ്ങളും കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ വ്യോമസേനയുടെ അന്വേഷണ റിപ്പോർട് ഉടൻ സമർപ്പിക്കും. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്ന് വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണത്തെക്കുറിച്ചോ അതിന്റെ റിപ്പോർട്ടിനെക്കുറിച്ചോ വ്യോമസേനയോ സർക്കാരോ ഇതുവരെ ഒരു പ്രസ്‌താവനയും നടത്തിയിട്ടില്ല. എന്നാൽ മോശം കാലാവസ്‌ഥ കാരണം കാഴ്‌ച കുറഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് ഉറവിടങ്ങൾ സൂചിപ്പിക്കുന്നു.
പൈലറ്റിന്റെ പിഴവാണോ അപകടത്തിന്റെ അടിസ്‌ഥാന കാരണം അതോ മലയോര മേഖലകളിൽ മേഘങ്ങൾക്കുള്ളിൽ പ്രവർത്തിക്കാനുള്ള നിയമങ്ങൾ അവഗണിച്ചതാണോ എന്നതിനെക്കുറിച്ച് ഇതുവരെ പ്രസ്‌താവനയോ വിശദീകരണമോ ഉണ്ടായിട്ടില്ല.
രാജ്യത്തെ മുൻനിര ഹെലികോപ്റ്റർ പൈലറ്റായ എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ, പ്രതികൂല കാലാവസ്‌ഥയുള്ള ഭൂപ്രദേശത്തേക്ക് പൈലറ്റ് അബദ്ധത്തിൽ ഹെലികോപ്റ്റർ കൊണ്ടുപോയതാകാം അപകട കാരണമെന്ന് പറയുന്നുണ്ട്. സാങ്കേതിക പിഴവുകളോ മെക്കാനിക്കൽ തകരാറുകളോ ഉണ്ടാകാനുള്ള സാധ്യത അന്വേഷണത്തിൽ തള്ളിക്കളഞ്ഞതായും വൃത്തങ്ങൾ അറിയിച്ചു.
അഞ്ച് ദിവസത്തിനകം എയർ ചീഫ് മാർഷൽ വിആർ ചൗധരിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ട് അന്തിമമാക്കുന്നതിന് നിലവിൽ അന്വേഷണ സംഘം വ്യോമസേനയുടെ നിയമവകുപ്പിന്റെ ഉപദേശം തേടിയിരിക്കുകയാണ്.
Most Read: മുന്നോക്ക സംവരണം; വരുമാനപരിധി 8 ലക്ഷമായി തുടരുമെന്ന് കേന്ദ്രം