മയാമി: കൊളംബിയയെ ഏകപക്ഷീയമായി ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം. 112ആം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. കലാശപ്പോരിൽ നിശ്‌ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി പിരിഞ്ഞതോടെ മൽസരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.
ലോ സെൽസോ നൽകിയ മനോഹര പാസാണ് മാർട്ടിനസ് വിജയഗോളാക്കി മാറ്റിയത്. നിശ്‌ചിത സമയം അവസാനിക്കാൻ 25 മിനിട്ടോളം ശേഷിക്കെ നായകൻ ലയണൽ മെസി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട മൽസരത്തിൽ കൊളംബിയയാണ് ഒരുപടി മുന്നിൽ നിന്നത്. കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അർജന്റീനക്ക് ഭീഷണിയുയർത്തിയിരുന്നു.
ഫൈനൽ അരങ്ങേറിയ മയാമി ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിലേക്ക് കൊളംബിയൻ കാണികൾ ടിക്കറ്റെടുക്കാതെ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഒന്നേകാൽ മണിക്കൂർ വൈകിയാണ് മൽസരം ആരംഭിച്ചത്. അർജന്റീനയുടെ ആക്രമണം കൊണ്ടാണ് മൽസരം തുടങ്ങിയതെങ്കിലും പിന്നീട് മുന്നേറ്റത്തിൽ മുന്നിട്ട് നിന്നത് കൊളംബിയ ആയിരുന്നു.
65ആം മിനിറ്റിൽ പരിക്കേറ്റതിനെ തുടർന്ന് മെസിയെ കളത്തിൽ നിന്ന് പിൻവലിച്ചു. നിക്കോളാസ് ഗോൺസാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെ ഡഗൗട്ടിൽ മെസി പൊട്ടിക്കരയുന്നതിനും ഹാർഡ് റോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസി ഇല്ലെങ്കിലും മൈതാനത്ത് അർജന്റീന കടുത്ത പോരാട്ടം കാഴ്‌ചവെച്ചു. 75ആം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസ് അർജന്റീനയ്‌ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് ആയതിനാൽ ഗോൾ നിഷേധിച്ചു.
87ആം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നാലെ കളി അവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിസിലെത്തി. മൽസരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്‌ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോൾരഹിതമായിരുന്നു. എന്നാൽ, 112ആം മിനിറ്റിൽ അർജന്റീനയുടെ രക്ഷകനായി ലൗറ്റാരോ മാർട്ടിനസെത്തി. മൈതാനമധ്യത്ത് നിന്ന് ഡീപോൾ നൽകിയ പന്ത് സമയം പാഴാക്കാതെ ബോക്‌സിലേക്ക് വീശി. ഇതോടെ, 16 കോപ്പ കിരീടത്തോടെ ഏറ്റവും കൂടുതൽ കിരീടം നേടുന്ന ടീമായി അർജന്റീന മാറി.
Most Read| ’20 വർഷമായി ജോലി സെമിത്തേരിയിൽ’; ഏവർക്കും ഒരു അൽഭുതമാണ് നീലമ്മ