ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ മൽസരത്തിൽ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് കരുത്തിൽ ബൊളീവിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. 14, 64, 88 മിനിറ്റുകളിൽ ആയിരുന്നു ഗോൾവേട്ട.
ഇതോടെ ഹാട്രിക് നേടിയ മെസി ഗോൾ നേട്ടത്തിൽ പെലെയുടെ റെക്കോർഡ് മറികടന്നിരിക്കുകയാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ദേശീയ ടീമിനായി കൂടുതൽ ഗോൾ നേടിയ കളിക്കാരനെന്ന റെക്കോർഡ് ആണ് മെസി സ്വന്തമാക്കിയിരിക്കുന്നത്. പെലെയുടെ സമ്പാദ്യം 77 ഗോളുകൾ ആണെങ്കിൽ മെസിയുടേത് 79ൽ എത്തി. ദേശീയ കുപ്പായത്തിൽ മെസിയുടെ ഏഴാം ഹാട്രിക്കിന് കൂടിയാണ് ആരാധകർ സാക്ഷിയായത്.
അതേസമയം, ലാറ്റിൻ അമേരിക്കൻ റൗണ്ടിൽ വിജയം നേടിയ ബ്രസീൽ പെറുവിനെ എതിരില്ലാതെ രണ്ട് ഗോളുകൾക്കാണ് തോൽപിച്ചത്. നെയ്‌മർ ഫോമിലേക്ക് മടങ്ങിയെത്തിയതോടെ വിജയത്തുടർച്ചയാണ് ബ്രസീലിനെ കാത്തിരുന്നത്. 14ആം മിനിറ്റിൽ എവര്‍ട്ടന്‍ റിബൈറോയുടെ ഗോളില്‍ ബ്രസീല്‍ മുന്നിലെത്തി. നെയ്‌മറുടേതായിരുന്നു അസിസ്‌റ്റ്. പിന്നാലെ 40ആം മിനിറ്റിൽ ഗോളടിച്ച് നെയ്‌മര്‍ മൽസരം സ്വന്തം പേരിലെഴുതി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ തുടർച്ചയായ എട്ടാം ജയമാണിത്.
Also Read: രണ്ടാംവട്ട ചര്‍ച്ചയും ഫലം കണ്ടില്ല; കര്‍ണാലില്‍ ഉപരോധം തുടര്‍ന്ന് കർഷകർ