ന്യൂഡെൽഹി: ഇന്ത്യൻ പൗരത്വവും ടീമിന് വേണ്ടി കളിക്കാനുള്ള അവസരവും ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഉന്നതൻ വാഗ്‌ദാനം ചെയ്‌തിരുന്നതായി വെളിപ്പെടുത്തി അഫ്‌ഗാനിസ്‌ഥാൻ സ്‌പിന്നർ റാഷിദ് ഖാൻ. എന്നാൽ, ഇത് നിരസിച്ചുവെന്നും താരം വെളിപ്പെടുത്തി.
ഇന്ത്യക്ക് പുറമെ ഓസ്‍ട്രേലിയയും പൗരത്വം വാഗ്‌ദാനം ചെയ്‌തിരുന്നെന്നും അതും താൻ നിരസിക്കുകയാണ് ചെയ്‌തതെന്നും റാഷിദ് വ്യക്‌തമാക്കി. ഇന്ന് പ്രകാശനം ചെയ്യുന്ന ‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്‌സ് ടു സ്‌റ്റാർഡം’ എന്ന അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്‌തകത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
”2023ലെ ഐപിഎലിനിടെ ഒരുദിവസം ബിസിസിഐയിൽ ഉന്നതൻ എന്നെ കാണാൻ വന്നു. ഞങ്ങൾ പരസ്‌പരം സംസാരിക്കുന്നതിനിടെ അഫ്‌ഗാനിസ്‌ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്ക് വന്നാൽ പൗരത്വവും ഇവിടെ കളിക്കാനുള്ള അവസരവും കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, അപ്പോൾ തന്നെ ഞാൻ അത് നിഷേധിച്ചു”- റാഷിദ് ഖാന്റെ വാക്കുകൾ.
”എന്റെ രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റേതൊരു രാജ്യത്തിന് വേണ്ടിയും ഞാൻ കളിക്കില്ല” എന്ന ഉറച്ച നിലപാട് അദ്ദേഹത്തെ അറിയിച്ചുവെന്നും താരം വെളിപ്പെടുത്തി. എന്നാൽ, ഓസ്‌ട്രേലിയ ഏത് വിധത്തിലാണ് സമീപിച്ചതെന്ന് റാഷിദ് പുസ്‌തകത്തിൽ വിശദമാക്കുന്നില്ല.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ







































