വാരണാസി : വാരണാസിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. ആശുപത്രിക്ക് സമീപമുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മരിച്ചയാളുടെ മകനും ബന്ധുക്കളും ഉന്നയിക്കുന്നത്. വാരണാസിയില്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കോവിഡ് ആശുപത്രിയില്‍ നിന്നാണ് രോഗിയെ കാണാതാകുന്നതും ഒരു ദിവസത്തിന് ശേഷം സമീപമുള്ള അഴുക്കുചാലില്‍ നിന്ന് കണ്ടെത്തുന്നതും.
ഒരാഴ്ച മുമ്പ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കൊണ്ടു വന്ന ഇയാളെ പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനു ശേഷം രോഗിയുടെ കിഡ്നി മോഷണം ചെയ്ത് മൃതദേഹം അഴുക്കുചാലില്‍ തള്ളിയെന്നാണ് ഇയാളുടെ മകന്റെ ആരോപണം. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ രോഗിയെ ഞായറാഴ്ച വൈകുന്നേരം മുതല്‍ കാണാതാകുകയായിരുന്നു എന്നാണ് ബി.എച്ച്.യു കോവിഡ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കാണാതായ വിവരം ലഭിച്ച ഉടന്‍ തന്നെ ബന്ധുക്കള്‍ ലങ്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രോഗിക്കായുള്ള തിരച്ചിലിനിടയിലാണ് ഒരു ദിവസത്തിന് ശേഷം ആശുപത്രിക്ക് സമീപമുള്ള അഴുക്കുചാലില്‍ നിന്ന് രോഗിയുടെ മൃതദേഹം കണ്ടെത്തിയത്.