കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. ഇവരെ താമരശേരി പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ഫോൺ ലൊക്കേഷൻ കേന്ദീകരിച്ചും അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് അജ്ഞാത സംഘം ദമ്പതികളെ തട്ടിക്കൊണ്ടു പോയത്.
പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. വീടിന് പുറത്ത് നിൽക്കുകയായിരുന്ന ഷാഫിയെ ആയുധങ്ങളുമായി എത്തിയ സംഘം കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മുഖം മറച്ചു കാറിലെത്തിയ നാലംഗ സംഘമാണ് ആയുധവും തോക്കും ഉപയോഗിച്ച് ഷാഫിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റിയത്. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സാനിയയേയും സംഘം കാറിൽ പിടിച്ചു കയറ്റി.
കുറച്ചു മുന്നോട്ട് പോയ ശേഷം സാനിയയെ വഴിയിൽ ഇറക്കിവിട്ടു സംഘം ഷാഫിയെയും കൊണ്ട് കടന്നുകളയുകയായിരുന്നു. സംഘവുമായുള്ള പിടിവലിക്കിടെ സാനിയയ്ക്ക് കഴുത്തിലും ദേഹത്തും പരിക്ക് പറ്റിയിട്ടുണ്ട്. ഇവർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ദുബായിയിൽ ബിസിനസുകാരനായ ഷാഫി നാട്ടിലെത്തിയിട്ട് ആറുമാസമായി. പണമിടപാട് തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
Most Read: എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും