കൊച്ചി: കോടതിയലക്ഷ്യ കേസിൽ അഡ്വക്കറ്റ് ജനറലിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാർ. കസ്‌റ്റംസിനെതിരായി കോടതിയലക്ഷ്യ കേസിന് അനുമതി നൽകാൻ എജിക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കണം. ജയിൽ ഡിജിപി കസ്‌റ്റംസിനെതിരെ നൽകിയ ഹരജിയിൽ സർക്കാരിനായി ഹൈക്കോടതിയിൽ ഹാജരായത് എജിയാണെന്ന് മറുപടിയിൽ പറയുന്നു.
ഈ ഹരജിയിൽ കസ്‌റ്റംസ് നൽകിയ സത്യാവാങ്മൂലമാണ് കോടതിയലക്ഷ്യ കേസിനാസ്‌പദമായ പരാതിക്ക് കാരണം. അതേകേസിൽ എജി തന്നെ കോടതിയലക്ഷ്യ നടപടികൾക്ക് അനുമതി നൽകുന്നതിൽ നിയമപരമായ പക്ഷപാതിത്വം ഉണ്ട്. വിശദമായ സത്യവാങ്മൂലം ഉചിതമായ സമയത്ത് നൽകാമെന്നും കസ്‌റ്റംസ് കമ്മീഷണർ നൽകിയ മറുപടിയിൽ വ്യക്‌തമാക്കി.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എംജെ ജേക്കബ് ആണ് അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയത്. മുഖ്യമന്ത്രിയടക്കം ഉള്ളവരുടെ പേരുകൾ ഉൾപ്പെടുന്ന രഹസ്യ മൊഴി പുറത്ത് വിട്ടത് കോടതിയലക്ഷ്യം ആണെന്നായിരുന്നു പരാതി.
Read Also: വെള്ളിയാഴ്‌ച കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കും