തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് കണക്കുകളുടെ പ്രതിവാര അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഒപ്പം തന്നെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉയര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ടുകളില്‍ വ്യക്‌തമാക്കുന്നുണ്ട്.
സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതിനൊപ്പം തന്നെ, മറ്റ് രോഗങ്ങള്‍ ഉള്ള ആളുകളിലെ കോവിഡ് മരണനിരക്കില്‍ ഉയര്‍ച്ച ഉണ്ടായതായും പ്രതിവാര അവലോകന റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നുണ്ട്. 2,948 ആളുകളാണ് സംസ്‌ഥാനത്ത് മറ്റ് രോഗങ്ങള്‍ക്കൊപ്പം കോവിഡ് കൂടി ബാധിച്ചതോടെ മരണത്തിന് കീഴടങ്ങിയത്. കൂടാതെ 61നും 70നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്കിടയില്‍ കോവിഡ് മരണനിരക്ക് ഉയരുന്നുണ്ട്. 966 പേരാണ് ഇത്തരത്തില്‍ സംസ്‌ഥാനത്ത് മരിച്ചത്.
കോവിഡ് വ്യാപനം മിക്ക ജില്ലകളിലും ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതാ നടപടികള്‍ കൈക്കൊള്ളാന്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കോവിഡ് പരിശോധനകള്‍ ഉയര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്‌ഥാനത്ത് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും, അധികൃതര്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
Read also : സ്വപ്‌ന സുരേഷിന്റെ മൊഴി; സിഎം രവീന്ദ്രനെ കസ്‌റ്റംസും ചോദ്യം ചെയ്യും







































