ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഏപ്രിൽ 20ന് ശേഷം ആദ്യമായി ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷത്തിൽ താഴെയായി. 24 മണിക്കൂറിനിടെ 2,81,386 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 3,78,741 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു. 4,106 പേരുടെ മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇതോടെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 2,74,390 ആയി.
35,16,997 സജീവ രോഗികളാണ് ഇന്ത്യയിലുള്ളത്. 31,64,23,658 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇന്നലെ മാത്രം 15,73,515 സാമ്പിളുകൾ പരിശോധിച്ചു.
പല സംസ്‌ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ 4 ലക്ഷത്തിന് മുകളിലേക്ക് ഉയർന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉണ്ടായിരുന്ന മഹാരാഷ്‌ട്രയിലും ഡെൽഹിയിലും തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്.
Read also: ജനങ്ങൾക്ക് നൽകാതെ വാക്‌സിൻ കയറ്റി അയച്ചു; മോദിക്കെതിരെ യശ്വന്ത് സിന്‍ഹ






































