ദുബായ്: കോവിഡ് കാലത്ത് യാത്രക്കാർക്ക് കൂടുതൽ സഹായകരമാവുന്ന പ്രഖ്യാപനങ്ങളുമായി ഫ്ലൈദുബായ് രംഗത്ത്. സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് ബാധയുണ്ടായാൽ മുഴുവൻ ചിലവും കമ്പനി വഹിക്കും എന്നാണ് പ്രഖ്യാപനം. 6 ലക്ഷം ദിർഹത്തിന്റെ പരിരക്ഷയാണ് ഫ്ലൈദുബായ് ഏർപ്പെടുത്തുന്നത്.
യാത്ര പുറപ്പെടുന്ന തീയതി മുതൽ 31 ദിവസത്തേക്കാണ് സേവനം ലഭ്യമാവുക. മടക്കയാത്ര കൂടി ഉൾക്കൊള്ളുന്നതാണെങ്കിലും ഇത്രയും ദിവസത്തെ സേവനങ്ങൾ തന്നെയാണ് ലഭിക്കുക. ഏകദേശം 638,118 ദിർഹത്തിന്റെ ഗ്ലോബൽ കവറാണ് ഒരു വ്യക്തിക്ക് ലഭിക്കുക. ക്വാറന്റൈനിൽ കഴിയേണ്ടി വരുന്നതിന് ദിവസം 425 ദിർഹം ഇതിന് പുറമേ ലഭിക്കും. ഏതെങ്കിലും കാരണവശാൽ വ്യക്തി മരണപ്പെടുകയാണെങ്കിൽ മരണാനന്തര ചടങ്ങുകൾക്ക് 6376 ദിർഹം അനുവദിക്കും.
കോവിഡ് പരിശോധന നടത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ എയർലൈൻസിന് ഉത്തരവാദിത്തമുണ്ടാവില്ല. യാത്രക്ക് ശേഷം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ എയർലൈൻസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ പരിരക്ഷ വിഭാഗത്തിലേക്ക് വിളിക്കാവുന്നതാണ്.
എമിറേറ്റ്സ് എയർലൈൻസ് ആണ് ലോകത്തിൽ ആദ്യമായി യാത്രക്കാർക്ക് കോവിഡ് പരിരക്ഷ ഏർപ്പെടുത്തിയത്. ഏജന്റ് മുഖേനയോ നേരിട്ടോ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ട്. ഒക്ടോബർ 30 വരെ യാത്ര ചെയ്യുന്നവർക്കാണ് ഇത് ലഭ്യമാവുക. യാത്ര ആരംഭിക്കുന്ന ദിവസം മുതൽ തുടർന്നുള്ള 31 ദിവസങ്ങളാണ് സേവനത്തിന്റെ കാലാവധി.