തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന കോവിഡ് ബാധിതനായ വ്യക്തി രോഗമുക്തനായി വീട്ടിലെത്തിയത് അവശനായി പുഴുവരിച്ച നിലയിലെന്ന് പരാതി. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിന്റെ കുടുംബമാണ് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഓഗസ്റ് 21 ജോലികഴിഞ്ഞ് മടങ്ങി വരുന്നതിനിടെ തെന്നിവീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് അനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം പേരൂര്‍ക്കടയിലെ സര്‍ക്കാര്‍ ആശുത്രിയിലും പിന്നാലെ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സെപ്റ്റംബർ 6ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി. ഇതോടെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ശേഷം ഈ കഴിഞ്ഞ 26 ന് കോവിഡ് നെഗറ്റീവ് ആവുകയും ഡിസ്ചാര്‍ജ്ജ് ചെയ്യുകയുമായിരുന്നു. ഈ സമയം ആരോഗ്യം ക്ഷയിച്ച് അവശ നിലയിലായിരുന്നു അനില്‍ കുമാര്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Also Read: രാജ്യത്തെ കോവിഡ് രോഗമുക്തി 50 ലക്ഷം കടന്നു
വീടിലെത്തിച്ച ശേഷം കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ആയിരുന്നു ശരിരത്തില്‍ പുഴുവരിക്കുന്ന നിലയില്‍ മുറിവുകള്‍ ശ്രദ്ധയില്‍ പെടുന്നത്. ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തം ഇല്ലായ്‌മയും അവഗണനയുമാണ് അനില്‍ കുമാറിന്റെ ദുരവസ്ഥക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്‌തിട്ടുണ്ട് അനില്‍ കുമാറിന്റെ കുടുംബം.