തിരുവനന്തപുരം: കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറാണ്(56) മരിച്ചത്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് അനിൽ കുമാറിനെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.
ഓഗസ്‌റ്റ് 21ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയുണ്ടായ വീഴ്‌ചയിൽ അനില്‍കുമാറിന്റെ കഴുത്തിൽ പരിക്ക് പറ്റിയിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയവേ സെപ്‌റ്റംബർ 26ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാകുന്നത്.
അനില്‍കുമാറിനെ കൊണ്ടുപോകാമെന്ന് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് 27ന് കുടുംബം ആശുപത്രിയിലെത്തി അനില്‍കുമാറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ശരീരം പുഴുവരിച്ച നിലയില്‍ കണ്ടത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ ജീവനക്കാർക്ക് വീഴ്‌ച സംഭവിച്ചതായി സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന് അനിൽ കുമാറിനെ ചികിൽസിച്ച ഡോക്‌ടർ അരുണയടക്കമുള്ള ജീവനക്കാരെ സസ്പെൻഡ് ചെയ്‌തു. ജീവനക്കാർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ 15 ഡോക്‌ടർമാർ കൂട്ടത്തോടെ രാജിവെച്ചത് ഏറെ ചർച്ചയായിരുന്നു.
സംഭവത്തിൽ നിരവധി പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതിന് ശേഷം കിടപ്പിലായ അനിൽ കുമാറിന്റെ ശരീരത്തിലെ ചില മുറിവുകൾ ഇതുവരെ ഭേദമായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
Also Read: കൊടകര കുഴൽപ്പണ കേസിലെ പ്രതികൾക്ക് ജാമ്യം; തൃശൂരിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം