കോഴിക്കോട്: പരിശോധന നടത്താതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ ലാബിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ റീജനൽ പബ്ളിക് ഹെൽത്ത് ലാബിനെതിരായ പരാതിയിലാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിൽ കോവിഡ് പരിശോധന നടത്തുന്ന ഏക ലാബാണിത്. ഒരു മാസം മുൻപ് നടന്ന സംഭവം അടുത്തിടെയാണ് പരാതിയായി ജില്ലാ മെഡിക്കൽ ഓഫിസിൽ എത്തിയത്.
നാല് പേർക്ക് പരിശോധന നടത്താതെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ആരോപണം. ആർപിഎച്ച് ലാബിൽ പ്രവർത്തിക്കുന്ന ഒരാളുടെ ഇടപെടലിനെ തുടർന്നാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് കൊടുത്തതെന്നാണ് പരാതിയിൽ പറയുന്നത്. കേരളത്തിന് പുറത്തേക്ക് യാത്ര പോകുന്നതിനാണ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയത്. സംഭവം ജീവനക്കാർക്കിടയിൽ ചർച്ചയായതോടെ സീനിയർ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
ലാബിൽ പരിശോധനക്ക് വരുന്നവരുടെയെല്ലാം വിവരങ്ങൾ രജിസ്‌റ്ററിൽ രേഖപെടുത്താറുണ്ട്. എന്നാൽ, ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകിയ നാല് പേരുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇതോടെ സംഭവത്തിൽ സീനിയർ മെഡിക്കൽ ഓഫിസർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട് നൽകുകയായിരുന്നു. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആർസിച്ച് ഓഫിസർ, ജില്ലാ മെഡിക്കൽ ഓഫിസിലെ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റ്, ജൂനിയർ സയന്റിഫിക് ഓഫിസർ എന്നിവർക്കാണ് അന്വേഷണ ചുമതല.
Most Read: കർഷകരോഷം അടങ്ങില്ല; തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ഉറപ്പ്





































