റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നിരക്ക് 96.4 ആയി ഉയര്‍ന്നു. 357 പേരാണ് ഇന്ന് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 3,40,304 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗമുക്തി നിരക്കിലുണ്ടാകുന്ന ഈ വര്‍ധന രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ആളുകളുടെ എണ്ണം 305 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,53,255 ആയി ഉയര്‍ന്നു. ഒപ്പം തന്നെ 16 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്ത് നിലവില്‍ 5,657 ആളുകള്‍ക്ക് ഇതുവരെ കോവിഡ് മൂലം ജീവന് നഷ്ടമായിട്ടുണ്ട്. മരണനിരക്ക് ഇപ്പോഴും 1.6 ശതമാനമായി തുടരുകയാണ്.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 7,294 ആണ്. ഇവരില്‍ 810 ആളുകളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. 57 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
Read also : ഗോള്‍ഡന്‍ വിസ; യുഎഇയില്‍ കൂടുതല്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് അവസരം






































