തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിൻ നൽകണമെന്ന് വ്യക്തമാക്കി കേന്ദ്ര നിർദേശം. ഇതിനെ തുടർന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരശേഖരണവും, ക്രമീകരണങ്ങളും ആരംഭിച്ചു. തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരെ കോവിഡ് മുന്നണി പോരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി കോവിഡ് വാക്സിൻ നൽകണമെന്നാണ് കേന്ദ്രം നിർദേശിച്ചത്.
ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ജീവനക്കാരുടെ പട്ടിക കേന്ദ്ര സർക്കാരിന്റെ ‘കോവിൻ’ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഇതിന് മേൽനോട്ടം വഹിക്കുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറെ നോഡൽ ഓഫീസറായി നിയോഗിച്ചു. സംസ്ഥാനത്ത് റവന്യു വകുപ്പിലെ ഒരു വിഭാഗം ഇലക്ഷൻ വിഭാഗമായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ പക്കലുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരുടെ പട്ടിക ഉപയോഗപ്പെടുത്താനാണ് അധികൃതർ ആലോചിക്കുന്നത്.
വാക്സിന്റെ ആദ്യ ഡോസ് നൽകി 28 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാം ഡോസ് നൽകുന്നത്. അത് പൂർത്തിയായാൽ മാത്രമേ വാക്സിനേഷൻ പൂർത്തിയാകുകയുള്ളൂ. എന്നാൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്നതിന് മുൻപ് ഉദ്യോഗസ്ഥരിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ആശങ്കയും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ ബൂത്തുകൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഉള്ളതിനാൽ ഉദ്യോഗസ്ഥരുടെ എണ്ണവും കൂടും.
സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും, കഴിഞ്ഞ ദിവസം തുടങ്ങിയ രണ്ടാം ഘട്ടത്തിൽ പോലീസുകാർക്കും, കോവിഡ് വോളന്റിയർമാർക്കും ഹരിതകർമ സേനയിലുള്ളവർക്കുമാണ് വാക്സിനേഷൻ നൽകിയത്. ഇതിന് ശേഷം അടുത്ത ഘട്ടത്തിലാകും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുക.
Read also : ഭീമ കൊറേഗാവ്; കേസിൽ സത്യസന്ധമായ അന്വേഷണം വേണം; ബിജെപിയുടെ അജണ്ട വ്യക്തമെന്ന് കോൺഗ്രസ്