തൃശൂർ: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനിൽ നിന്ന് ക്രിസ്‌മസ് ദിനത്തിൽ കേക്ക് സ്വീകരിച്ചതിന് പിന്നാലെ വിഎസ് സുനിൽ കുമാർ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തൃശൂർ മേയർ എംകെ വർഗീസ്. ബിജെപിക്കാർ തന്നെ വിളിച്ചിട്ടോ അനുവാദം ചോദിച്ചിട്ടോ വന്നതല്ലെന്ന് എംകെ വർഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
”ക്രിസ്‌മസ് ദിനമാണ് അവർ വന്നത്. ക്രിസ്‌മസ് ദിനത്തിൽ എല്ലാവരും പരസ്‌പരം സ്‌നേഹം പങ്കിടും. ഇത്തരത്തിൽ സ്‌നേഹം പങ്കിടാൻ ഒരു കേക്കുമായി എന്റെ വീട്ടിലേക്ക് വരുമ്പോൾ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം എനിക്കില്ല. കാരണം ഞാൻ ക്രിസ്‌ത്യാനിയാണ്. നാലുവർഷമായി ഞാൻ കേക്ക് എല്ലാ രാഷ്‌ട്രീയ പാർട്ടിക്കാരുടെയും ഓഫീസിൽ എത്തിക്കാറുണ്ട്. സർക്കാർ സ്‌ഥാപനങ്ങളിലും എത്തിക്കും. ഇന്നുവരെ മുടക്കിയിട്ടില്ല”- എംകെ വർഗീസ് വ്യക്‌തമാക്കി.
”സുനിൽ കുമാർ എംപി ആണെന്ന് കരുതുക. ബിജെപി ഒരു കേക്ക് കൊടുത്താൽ അദ്ദേഹം വാങ്ങില്ലേ? കേക്ക് വാങ്ങി എന്നതിന്റെ പേരിൽ ആ പ്രസ്‌ഥാനത്തിനൊപ്പം പോയി എന്നാണോ? സുനിൽ കുമാറിന് എന്തും പറയാം അദ്ദേഹം പുറത്തുനിൽക്കുകയാണ്. ഞാൻ ഒരു ചട്ടക്കൂടിനകത്ത് നിൽക്കുകയാണ്. അതും ഇടതുപക്ഷത്തിന്റെ ചട്ടക്കൂടിൽ. ഒരുമിച്ച് വളരെ സൗഹാർദപരമായി ഇവിടുത്തെ പുരോഗതിക്ക് വേണ്ടി മാത്രം മുന്നോട്ടുപോകുന്ന മേയറാണ് ഞാൻ. അതിനെ ഇല്ലായ്‌മ ചെയ്യാൻ വേണ്ടി ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നത് തെറ്റാണ്. കാരണം ഇടതുപക്ഷത്ത് നിൽക്കുന്ന ഒരാളാണത് പറഞ്ഞത്. ഒരിക്കലും പറയാൻ പാടില്ലാത്തതല്ലേ”? എംകെ വർഗീസ് ചോദിച്ചു.
”കഴിഞ്ഞ ഇലക്ഷൻ സമയത്ത് ഇതുപോലെ സുരേഷ് ഗോപി വന്നുവെന്നും അദ്ദേഹത്തിന് ഒരു ചായ കൊടുത്തത് ഇത്ര വലിയ തെറ്റാണോയെന്നും എംകെ വർഗീസ് ചോദിച്ചു. ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷനകത്ത് തന്നെ കാണാൻ സുനിൽ കുമാർ വന്നില്ല. എന്നിട്ട് അദ്ദേഹം പറയുന്നു ഞാൻ 1000 കോടി ചിലവ് ചെയ്‌തിട്ടുണ്ട്, മേയർ അത് പറഞ്ഞില്ലാ എന്ന്. ഞാൻ പറയണമെങ്കിൽ എന്റെയടുത്ത് വരണ്ടേ. റോഡിൽ ഇറങ്ങി നിന്ന് പറയാൻ പറ്റുമോ. ആകെ വന്നത് സുരേഷ് ഗോപി മാത്രമാണ്. എന്റെ ഓഫീസിനകത്ത് ഒരു സ്‌ഥാനാർഥി വന്നാൽ സാമാന്യ മര്യാദ മാത്രമാണ് താൻ പ്രകടിപ്പിച്ചത്”- എംകെ വർഗീസ് വിശദമാക്കി.
ബിജെപി സംസ്‌ഥാന പ്രസിഡണ്ടിൽ നിന്ന് കേക്ക് സ്വീകരിച്ചത് തീർത്തും നിഷ്‌കളങ്കമല്ലെന്നാണ് വിഎസ് സുനിൽ കുമാർ പറഞ്ഞത്. എൽഡിഎഫ് മേയർ ആയിരിക്കുമ്പോൾ മുന്നണിയുടെ രാഷ്‌ട്രീയത്തോട് കൂറ് പുലർത്തണം. അതുണ്ടാകുന്നില്ലെന്നും സിപിഐ നിലപാട് അന്നും ഇന്നും വ്യക്‌തമാണെന്നും സുനിൽ കുമാർ പറഞ്ഞു. ബിജെപി സ്‌ഥാനാർഥിക്ക് വേണ്ടി നേരിട്ടും പരോക്ഷമായും പ്രവർത്തിച്ചു. കേക്ക് കൊടുത്തതിൽ കുറ്റം പറയുന്നില്ല. എന്നാൽ, തൃശൂർ മേയർക്ക് മാത്രം കേക്ക് കൊണ്ടുപോയി കൊടുക്കുന്നത് വഴിതെറ്റി വന്നതല്ലെന്നും, ഇതിൽ അൽഭുതം തോന്നിയില്ലെന്നും സുനിൽ കുമാർ ആരോപിച്ചിരുന്നു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക








































