തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്‌ഥാനങ്ങളിൽ നിന്ന് മാറണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ വ്യക്‌തിക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി വ്യക്‌തമാക്കി.
’75 വയസ് കഴിഞ്ഞവർ പാർട്ടി സ്‌ഥാനങ്ങളിലും അധികാര സ്‌ഥാനങ്ങളിലും തുടരരുത് എന്നാണ് സിപിഎം നയം. 23ആം പാർട്ടി കോൺഗ്രസ് പ്രായപരിധി നിശ്‌ചയിച്ചിട്ടുണ്ട്. 75 വയസിന് മുകളിൽ പ്രായമുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ യുവാക്കൾക്കായി മാറണം’- മുഖ്യമന്ത്രി പറഞ്ഞു.
‘അടുത്ത ഇലക്ഷന് മുൻപ് സ്‌ഥാനമൊഴിയുമോ എന്ന ചോദ്യത്തോട് മറുപടി പറയേണ്ടത് ഞാനല്ല. ഒരു വ്യക്‌തിക്ക് തീരുമാനമെടുക്കാൻ കഴിയില്ല. കൂട്ടായ തീരുമാനത്തിലൂടെയാണ് പാർട്ടി മുന്നോട്ട് പോകുന്നത്. പ്രായപരിധി മാനദണ്ഡം പാർട്ടി തുടരും. എന്റെ കാര്യമെടുത്താൽ, പാർട്ടിയാണ് അത് തീരുമാനിക്കേണ്ടത്. ഞാൻ എപ്പോഴും പാർട്ടിക്കായും വിശാലമായ സമവായം അനുസരിച്ചുമാണ് പ്രവർത്തിച്ചിട്ടുള്ളത്’- മുഖ്യമന്ത്രി വ്യക്‌തമാക്കി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശക്‌തമായ നടപടികൾ സ്വീകരിക്കുന്നതിലാണ് സർക്കാരിനും ഉന്നത ഉദ്യോഗസ്‌ഥർക്കും ആർഎസ്എസ് ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നത്. അഞ്ചു വർഷത്തിനിടെ 150 കിലോ കള്ളക്കടത്ത് സ്വർണം പിടികൂടി. പിവി അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ